ന്യൂദല്‍ഹി- പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു ബലിയാടാണെന്നും ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ദവീന്ദര്‍ സിംഗിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നടിയും സംവിധായികയുമായ സോണി റസ്ദാന്‍ രംഗത്ത്.
മഹേഷ് ഭട്ടിന്റെ പത്‌നിയും നടി ആലിയ ഭട്ടിന്റെ മാതാവുമാണ് സോണി റസ്ദാന്‍. അഫ്‌സല്‍ ഗുരു എങ്ങനെ ബലിയാടാക്കപ്പെട്ടുവെന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് സോണി റസ്ദാന്‍ ട്വീറ്റ് ചെയ്തത്.
തിഹാര്‍ ജയിലില്‍നിന്ന് അഭിഭാഷകന്‍ സുശീല്‍ കുമാറിന് എഴുതിയ കത്തില്‍ തന്നെ ദവീന്ദര്‍ സിംഗ് കുടുക്കിയതാണെന്ന് വെളിപ്പെടുത്തിയിരുന്നു. തന്നെ മര്‍ദിച്ച ശേഷമാണ് ദല്‍ഹിയില്‍ ചില കാര്യങ്ങള്‍ ചെയ്യണമെന്ന് ദവീന്ദര്‍ ആവശ്യപ്പെട്ടതെന്നും ഗുരു വെളിപ്പെടുത്തിയിരുന്നു.
പിടികിട്ടാനുള്ള രണ്ട് ഭീകരര്‍ക്കൊപ്പമാണ് ജമ്മു കശ്മീരില്‍ ഡി.എസ്.പിയായ ദവീന്ദര്‍ സിംഗ് ഈയിടെ പിടിയിലായത്. ഈ പശ്ചാത്തലത്തിലാണ് 2013 ഫെബ്രുവരി ഒമ്പതിന് തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ കേസ് അന്വേഷിക്കമണെന്ന് സോണി ആവശ്യപ്പെട്ടിരിക്കുന്നത്. 2001 ല്‍നടന്ന പാര്‍ലമെന്റ് ആക്രമണക്കേസിലാണ് അഫ്‌സല്‍ ഗുരുവിനെ കുറ്റക്കാരനായി കണ്ടെത്തിയതും തൂക്കിക്കൊല്ലാന്‍ വിധിച്ചതും. കേസില്‍ ഗുരു ബലിയാടാണെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്ന വാദവുമാണ് കശ്മീരി കൂടിയായ സോണി റസ്ദാന്‍ ഉന്നയിക്കുന്നത്.
ഇതാണ് നീതിയുടെ പരിഹാസ്യത. നിരപരാധിയാണെങ്കില്‍ ആര്‍ക്കാണ് മരിച്ച ഒരാളെ തിരികെ എത്തിക്കാനാകുക. ഇതുകൊണ്ടാണ് വധശിക്ഷ ലളിതമായി ഉപയോഗിക്കരുതെന്ന് പറയാന്‍ കാരണം. ഇതുകൊണ്ടു കൂടിയാണ് അഫ്‌സല്‍ ഗുരു എങ്ങനെ ബലിയാടായി എന്ന കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്-സോണി ട്വീറ്റ് ചെയ്തു.