ബഗ്ദാദ്- ഇറാഖ് തലസ്ഥാനത്ത് സര്‍ക്കാര്‍ കെട്ടിടങ്ങളും വിദേശ എംബസികളും ഉള്‍ക്കൊള്ളുന്ന ഗ്രീന്‍ സോണിനുള്ളില്‍ ചൊവ്വാഴ്ച മൂന്ന് കാത്യുഷ റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മൂന്ന് റോക്കറ്റുകളും ബഗ്ദാദിന് പുറത്തുള്ള സഫറാനിയ ജില്ലയില്‍നിന്നാണ് വിക്ഷേപിച്ചത്. രണ്ട് റോക്കറ്റുകള്‍ യു.എസ് എംബസിക്ക് സമീപമാണ് വീണതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
റോക്കറ്റാക്രമണത്തിനു പിന്നാലെ ഗ്രീന്‍ സോണിലുടനീളം സൈറണുകള്‍ മുഴങ്ങി.
ഗ്രീന്‍ സോണില്‍ അടുത്തിടെ നടന്ന സമാന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള അര്‍ദ്ധസൈനിക വിഭാഗങ്ങളെ യു.എസ് കുറ്റപ്പെടുത്തിയിരുന്നുവെങ്കിലും പുതിയ ആക്രമണത്തിന്റെ ഉത്തരവാദത്തം ആരും ഏറ്റെടുത്തിട്ടില്ല.
ജനുവരി മൂന്നിന് ബഗ്ദാദില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ ഖുദ്‌സ് സേനയുടെ മേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ട ശേഷം ഇറാഖില്‍ സംഘര്‍ഷം തുടരുകയാണ്.