ന്യൂദല്‍ഹി- രാജ്യത്ത് ചിലര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന അസഹിഷ്ണുത മുസ്‌ലിംകളില്‍ അരക്ഷിത ബോധം സൃഷ്ടിച്ചിരിക്കയാണെന്നും അവര്‍ ആധിയോടെയാണ് കഴിയുന്നതെന്നും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ഉപരാഷ്ട്രപതിയെന്ന നിലയില്‍ അവസാനമായി രാജ്യസഭാ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്. ചിലര്‍ ബോധപൂര്‍വം ഉണ്ടാക്കിയെടുക്കുന്ന മേധാവിത്തവും ഭീഷണികളുമാണ് ഈ അവസ്ഥക്ക് കാരണം. ബീഫ് നിരോധവും അതിന്റെ പേരിലുള്ള അതിക്രമങ്ങളും കൊലകളും ഘര്‍വാപസിയുമൊക്കെ ഇന്ത്യന്‍ മൂല്യങ്ങളെ തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു. നിയമപാലനത്തിനുള്ള അധികൃതരുടെ ശേഷിയും ഇതു തകര്‍ത്തിരിക്കയാണ്. ഇന്ത്യക്കാരനല്ലെന്ന ആക്ഷേപം ഒരു പൗരനില്‍ സൃഷ്ടിക്കുന്ന അസസ്ഥതയിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടി.
ഇന്ത്യന്‍ മൂല്യങ്ങള്‍ പൊടുന്നനെ തകര്‍ന്നുവെന്ന് എന്തുകൊണ്ട് പറയുന്നുവെന്ന ചോദ്യത്തിന് 70 വര്‍ഷമല്ല, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ നാം ഒരു ബഹുസ്വര സമൂഹമായാണ് ജീവിച്ചുപോന്നെതെന്നായിരുന്നു മറുപടി. പരസ്പരമുണ്ടായിരുന്ന സ്വീകാര്യതയും ഉള്‍ക്കൊള്ളലുമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. രാജ്യത്ത് വളരുന്ന അസഹിഷ്ണുതയെ കുറിച്ച് താന്‍ മാത്രമല്ല സംസാരിക്കുന്നതും പ്രമുഖരായ നിരവധി പേര്‍ ഇതേ ആശങ്ക പങ്കുവെക്കുകയാണെന്നും ഹാമിദ് അന്‍സാരി ചോദ്യത്തിനു മറുപടി നല്‍കി. തന്റെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.