റിയാദ് - അത്‌യാഫ് മാളിൽ വോക്‌സ് സിനിമാ തിയേറ്ററുകൾ തുറന്നു. യു.എ.ഇയിലെ മാജിദ് അൽഫുതൈം സിനിമാസുമായി സഹകരിച്ചാണ് അത്‌യാഫ് മാളിൽ ആഗോള നിലവാരത്തിലുള്ള തിയേറ്ററുകൾ തുറന്നത്. ആകെ 11 സ്‌ക്രീനുകളാണ് അത്‌യാഫ് മാളിൽ തുറന്നിരിക്കുന്നത്. ഇവയിൽ 650 സീറ്റുകളുണ്ട്.
സൗദിയിൽ വോക്‌സ് സിനിമാസിന്റെ എട്ടാമത് ശാഖയാണ് അത്‌യാഫ് മാളിലേത്. മാജിദ് അൽഫുതൈം ഗ്രൂപ്പ് സൗദി മാനേജർ മുഹമ്മദ് അൽഹാശിമി, ലുലു സൗദി റീജനൽ മാനേജർ ശഹീം മുഹമ്മദ്, ഹവാർ അൽറബീഅ് കമ്പനി സി.ഇ.ഒ ഡോ. മുഹമ്മദ് അൽറുവൈശിദ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
അത്‌യാഫ് മാളിലെ സ്‌ക്രീനുകളിൽ രണ്ടെണ്ണം കുട്ടികൾക്കുള്ള സിനിമകൾക്കുള്ളതും രണ്ടെണ്ണം വി.ഐ.പികൾക്കുള്ളതുമാണ്. ഏഴെണ്ണം സ്റ്റാന്റേർഡ് സ്‌ക്രീനുകളാണ്. പ്രേക്ഷകർക്ക് ലഘുഭക്ഷണങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നൂട്ടെല്ല കിച്ചൻ 35 സ്റ്റാളും ഫ്രഷ് ജ്യൂസുകളും ബേക്കറികളും അടകളും വിതരണം ചെയ്യുന്ന ബേക്കറിയും മൾട്ടിപ്ലക്‌സ് ഏരിയയിൽ തുറന്നിട്ടുണ്ട്.