ന്യൂദല്‍ഹി- വിദ്യാര്‍ഥികളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വെറുതെ വിടണമെന്നും കുട്ടികള്‍ പഠിക്കാന്‍ സമയം ചെലവഴിക്കുന്നതാണ് നല്ലതെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി സംവദിച്ച പരീക്ഷ പേ ചര്‍ച്ചക്കു പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സീനീയര്‍ അഭിഭാഷകനുമായ കപില്‍ സിബലിന്റെ വിമര്‍ശം.
പഠനത്തില്‍ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യങ്ങളെ നേരിടാന്‍ എന്തൊക്കെ ചെയ്യണമെന്നാണ് പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചത. പൊതുപരീക്ഷയ്ക്ക് പഠിക്കാനുള്ള സമയമാണിത്. അവരുടെ സമയം കളയരുത്- കപില്‍ സിബല്‍ പറഞ്ഞു.
വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശവും കപില്‍ സിബല്‍ ഉന്നയിച്ചു. വ്യക്തികള്‍ നേടുന്ന ബിരുദങ്ങള്‍ പരസ്യമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ആവശ്യമാണ്. എല്ലാവര്‍ക്കും അതേപ്പറ്റി അറിയാന്‍ കഴിയണം. മന്‍ കി ബാത്ത് പരിപാടിയിലൂടെ അതും പറയാം- കപില്‍ സിബല്‍ നിര്‍ദേശിച്ചു. പ്രധാനമന്ത്രി മോഡിക്ക് പുറമെ, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച നേരത്തെ മുതല്‍ വിമര്‍ശനം നേരിടുന്നുണ്ട്.