ന്യൂദൽഹി- ബി.ജെ.പി ദേശീയ അധ്യക്ഷനായി ജെ.പി നദ്ദയെ എതിരില്ലാതെ തെരഞ്ഞെടുത്തു. നിലവിൽ പാർട്ടി വർക്കിംഗ് പ്രസിഡന്റാണ് നദ്ദ. കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷായിൽനിന്നാണ് നദ്ദ സ്ഥാനം ഏറ്റെടുക്കുന്നത്. ആർ.എസ്.എസ് നേതാവ് കൂടിയായ നദ്ദക്ക് ബി.ജെ.പി പ്രവർത്തകർക്ക് ഇടയിൽ ഏറെ സ്വാധീനമുണ്ട്. ഒന്നാം മോഡി സർക്കാരിൽ ആരോഗ്യമന്ത്രിയായും നദ്ദ പ്രവർത്തിച്ചിട്ടുണ്ട്. നദ്ദ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പങ്കെടുക്കും. നിതിൻ ഗഡ്കരി, അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവരാണ് നദ്ദയുടെ പേര് നിർദ്ദേശിച്ചത്. ഞായറാഴ്ച പാർട്ടി ആസ്ഥാനത്ത് ചേർന്ന മാരത്തൺ യോഗത്തിന് ശേഷമാണ് പുതിയ പ്രസിഡന്റിനെ തീരുമാനിച്ചത്. മോഡിയുടെയും അമിത് ഷായുടെയും വിശ്വസ്ഥൻ എന്ന സ്ഥാനം കൂടിയാണ് നദ്ദക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കേറ്റ പരാജയത്തിൽനിന്ന് പാർട്ടിയെ രക്ഷിക്കുക എന്ന ദൗത്യം കൂടിയാണ് നദ്ദക്കുള്ളത്.