കൊൽക്കത്ത- ബംഗാൾ ഗവർണർ ജഗദീപ് ധൻകർ ഔദ്യോഗിക പരിപാടികൾക്ക് ഭാര്യയെയും കൂട്ടുന്നതിനെ വിമർശിച്ച മന്ത്രി മാപ്പ് പറയണമെന്ന് ഗവർണർ. ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയാണ് കഴിഞ്ഞദിവസം ഗവർണറെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്. ഔദ്യോഗിക പരിപാടികൾക്ക് മൂന്നാമതൊരു വ്യക്തിയെ കൂടി കൂട്ടുന്നത് ഭരണഘടനാവിരുദ്ധമല്ലേ എന്നായിരുന്നു ചാറ്റർജിയുടെ ചോദ്യം. ധൻകറിന്റെ സുദേഷ് സർക്കാർ പരിപാടികൾക്ക് വരുന്നതിനെ വിമർശിച്ചായിരുന്നു ചാറ്റർജി രംഗത്തെത്തിയത്. അതേസമയം തന്റെ ഭാര്യ ക്ഷണിക്കപ്പെട്ട പരിപാടികളിൽ മാത്രമാണ് പങ്കെടുക്കുന്നതെന്നും പ്രഥമ വനിത എന്ന പരിഗണനയിൽ അവരെ ഒട്ടേറെ ചടങ്ങുകൾക്ക് വിളിക്കാറുണ്ടെന്നും ഗവർണർ വ്യക്തമാക്കി. മന്ത്രിക്ക് ഇക്കാര്യത്തിൽ പിഴവ് സംഭവിച്ചെന്ന് വ്യക്തമാക്കിയ ഗവർണർ അവരുടെ ഭർത്താവായത് കൊണ്ട് കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. ഇതിലും രൂക്ഷമായി പ്രതികരിക്കേണ്ടതാണെന്നും എന്നാൽ സംസ്‌കാരം അതിന് അനുവദിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. സംസാരിക്കുന്നതിന് മുമ്പ് കാര്യങ്ങളെ പറ്റി പഠിക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ മന്ത്രി പരസ്യമായി മാപ്പു പറയണമെന്ന നിലപാടും സ്വീകരിച്ചു. ബംഗാളിൽ ഏറെനാളായി ഗവർണറും സർക്കാറും തമ്മിൽ വാക്‌പോര് നടക്കുന്നതിനിടെയാണ് പുതിയ വിവാദമുണ്ടായത്.