മൊസൂൾ- തീവ്രവാദ സംഘടനയായ ഐ.എസിന്റെ ഏറ്റവും വലിയ പ്രവർത്തകരിൽ ഒരാളെ ഇറാഖിലെ പ്രത്യേക ദൗത്യസംഘം പിടികൂടി. ഭാരം കൊണ്ടാണ് ഇയാൾ ഏറ്റവും വലിയ പ്രവർത്തകനായത് എന്നതാണ് കൗതുകം. ഏകദേശം 250 കിലോയിലേറെ തൂക്കം വരുന്ന മുഫ്തി അബു അബ്ദുൽ ബാരിയെയാണ് അറസ്റ്റ് ചെയ്തത്. ഐ.എസിന് കൂറു പ്രഖ്യാപിക്കാത്ത മതപണ്ഡിതരെ വധിക്കാനുള്ള മതവിധികൾ നൽകുന്ന ജോലിയായിരുന്നു ഇയാൾ നിർവഹിച്ചിരുന്നത്. സുരക്ഷാ സൈനികർക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്നതും ഇയാളുടെ പതിവായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ കാറിൽ കൊണ്ടുപോകാൻ കഴിയാത്തിനെ തുടർന്ന് ട്രക്കിലാണ് സ്‌റ്റേഷനിലേക്ക് മാറ്റിയത്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക തീവ്രവാദ വിരുദ്ധ ആക്ടിവിസ്റ്റ് മാജിദ് നവാസ് ഇയാൾക്കെതിരെ ഫെയ്‌സ്ബുക്കിൽ നീണ്ട കുറിപ്പിട്ടിരുന്നു. ഇറാഖികളെയും മറ്റും ബലാത്സംഗം ചെയ്യുന്നതിനും വംശീയ ഉൻമൂലനം നടത്തുന്നതിനും ഫത്‌വകൾ നൽകുന്ന ജോലിയാണ് അബ്ദുൽ ബാരി നിർവഹിച്ചിരുന്നത് എന്നാണ് മാജിദ് വ്യക്തമാക്കുന്നത്.
ഐ.എസ് നടത്തിയ മിക്ക ക്രൂരതകളെയും ന്യായീകരിക്കുന്ന ഉത്തരവുകളുടെ ഉറവിടം ഇയാളായിരുന്നു. ദൈവം തങ്ങളോടൊപ്പമുണ്ടെന്ന് കരുതിയ ഐ.എസ് ഭീകരർക്ക് ലഭിച്ച മറ്റൊരു തിരിച്ചടിയാണ് ഇയാളുടെ അറസ്റ്റെന്നും ഇത് ഐ.എസിനുണ്ടാക്കുന്ന ആഘാതം ചെറുതല്ലെന്നും മാജിദ് വ്യക്തമാക്കി.
ഇസ്‌ലാമിന്റെ പേരിൽ എല്ലാ തരത്തിലുള്ള അതിക്രമങ്ങളെയും ന്യായീകരിച്ച ഇയാൾ പാവങ്ങളെ കൂട്ടത്തോടെ കൊല്ലാൻ നിർദേശം നൽകി. കൊല്ലപ്പെടുന്നത് മഹത്തായ കാര്യമാണെന്നും പ്രചരിപ്പിച്ചു. ഈ ഹിപ്പോയ്ക്ക് മലവിസർജനത്തിനപ്പുറം തന്റെ ശരീരം പ്രയോഗിക്കാനുള്ള ശേഷിയില്ലായിരുന്നു. കാപട്യം ദുർഗന്ധം വമിക്കുന്നുവെന്ന് പറയുന്നത് അമിതവണ്ണത്തെ പരിഹസിക്കാനല്ല. അടിമത്തം, ബലാത്സംഗം, വംശീയ ഉന്മൂലനം, കൂട്ടക്കൊല എന്നിവ അനുവദിച്ച ഒരു മനുഷ്യന്റെ കാപട്യത്തെയും അപമാനത്തെയും പരിഹസിക്കാനാണ് ഈ വാചകം ഉപയോഗിച്ചത്. മൃഗീയത പുലർത്തുന്ന ഐ.എസ് എന്ന സംഘത്തിന്റെ മൃഗീയ അധ്യക്ഷനാണ് ഇയാളെന്നും മാജിദ് നവാസ് പറഞ്ഞു.