മുംബൈ-കശ്മീരില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് അശ്ലീല സിനിമകള്‍ കാണാനാണെന്നും അതുകൊണ്ടുതന്നെ അവിടെ ഇന്റര്‍നെറ്റ് വിഛേദിച്ചതില്‍ തെറ്റില്ലെന്നും നീതി ആയോഗ് അംഗം വികെ സരസ്വത്.
പ്രതിഷേധം ആളിക്കത്തിക്കാനാണ് രാഷ്ട്രീയക്കാര്‍ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നതെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വേളയില്‍ ഇന്റര്‍നെറ്റ് നിരോധം അനിവാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത് സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും സരസ്വത് പറഞ്ഞു. ധിരുഭായി അംബാനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റിന് സമ്പദ്ഘടനയില്‍ കാര്യമായൊന്നും ചെയ്യാനില്ല.
എന്തിനാണ് രാഷ്ട്രീയക്കാര്‍ കശ്മീരിലേക്ക് പോകുന്നത്? ദല്‍ഹിയിലെ റോഡുകളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അവര്‍ക്ക് കശ്മീരിലും പുനസൃഷ്ടിക്കണം. അതിനായി അവര്‍ സമൂഹിക മാധ്യമങ്ങളിലൂടെ തീകൊളുത്തുകയാണ്. കശ്മീരില്‍ ഇന്റര്‍നെറ്റ് ഇല്ലാത്തതുകൊണ്ട് എന്താണ് പ്രശ്‌നം?. ഇന്റര്‍നെറ്റിലൂടെ എന്താണ് നിങ്ങള്‍ അവിടെയുള്ളവര്‍ കാണുന്നത്?. വൃത്തികെട്ട സിനിമകള്‍ കാണുന്നതല്ലാതെ നിങ്ങള്‍ മറ്റൊന്നും ഇന്റര്‍നെറ്റില്‍ ചെയ്യുന്നില്ലെന്നും സരസ്വത് പറഞ്ഞു.