ഹുബ്ബള്ളി- പൗരത്വ ഭേദഗതി നിയമത്തില്‍നിന്ന് പിന്നോട്ടില്ലെന്നും നിയമത്തിനെതിരെ രംഗത്തുവരുന്നവര്‍ ദളിത് വിരുദ്ധരാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ജനജാഗരണ്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയിലെ മുസ്‌ലിംകളുടെ പൗരത്വം എടുത്ത് കളയുന്നതാണ് നിയമമെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അമിത് ഷാ വെല്ലുവിളിച്ചു. നിയമം പൂര്‍ണമായും വായിച്ചുനോക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം. നിയമത്തില്‍ മുസ്‌ലിംകളുടെ പൗരത്വം എടുത്തുകളയാന്‍ വകുപ്പുകളില്ല. രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി തയ്യാറാണെന്നും സ്ഥലവും തീയതിയും നിശ്ചയിച്ചോളൂവെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധരാണ് -ആഭ്യന്തര മന്ത്രി ആരോപിച്ചു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് വന്ന ദളിതര്‍ക്കെതിരെയാണ് നിയമത്തെ എതിര്‍ക്കുന്നവര്‍ നിലകൊള്ളുന്നതെന്നും അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടി, മമതാ ബാനര്‍ജി, അരവിന്ദ് കെജ് രിവാള്‍, ജെഡിഎസ്, ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടി എന്നിവര്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ബി.ജെ.പി അത്തരമൊരു പാര്‍ട്ടിയല്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.