Sorry, you need to enable JavaScript to visit this website.

മൂന്നു മാസത്തിനിടെ സൗദിയില്‍ 65,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

റിയാദ് - കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍വരെ സൗദിയില്‍ 65,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി കണക്ക്. മൂന്ന് മാസത്തിനിടെ, ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത് നിര്‍മാണ, ചില്ലറ-മൊത്ത വ്യാപാര മേഖലകളിലാണെന്ന് ഔദ്യോഗിക വകുപ്പുകളുടെ കണക്കുകള്‍ അടിസ്ഥാനമാക്കി തയാറാക്കിയ ജദ്‌വ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 മുതല്‍ കഴിഞ്ഞ വര്‍ഷം മൂന്നാം പാദം വരെ സൗദിയില്‍ സ്വകാര്യ മേഖലയില്‍ 19.8 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.  കഴിഞ്ഞ വര്‍ഷം ചില മേഖലകളില്‍ കൂടുതല്‍ സൗദികള്‍ക്കും വിദേശികള്‍ക്കും തൊഴില്‍ ലഭിച്ചു.
നിര്‍മാണ മേഖലയില്‍ 41,000 വിദേശികള്‍ക്കും 8,000 സൗദികള്‍ക്കുമാണ് കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. ചില്ലറ, മൊത്ത വ്യാപാര മേഖലയില്‍ 28,000 വിദേശികള്‍ക്കും 7,000 സൗദികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. വ്യവസായ മേഖലയില്‍ 1,600 സൗദികള്‍ക്കും 7,000 വിദേശികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
മൂന്നാം പാദത്തില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ 7,000 പേരുടെയും വിദ്യാഭ്യാസ മേഖലയില്‍ സൗദികളുടെ എണ്ണത്തില്‍ 8,000 പേരുടെയും വര്‍ധന രേഖപ്പെടുത്തി. ലോ, എന്‍ജിനീയറിംഗ്, കണ്‍സള്‍ട്ടിംഗ് ഓഫീസുകളില്‍ സൗദി ജീവനക്കാരുടെ എണ്ണത്തില്‍ 3,700 പേരുടെയും ആരോഗ്യ മേഖലയില്‍ സ്വദേശികളുടെ എണ്ണത്തില്‍ 3,700 പേരുടെയും വര്‍ധനവുണ്ടായി. പെട്രോളിതര മേഖലയിലെ വളര്‍ച്ച കൂടുതല്‍ സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായകമായി.
സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തില്‍ ഈ വര്‍ഷാദ്യം മുതല്‍ മഞ്ഞ വിഭാഗം ഇല്ലാതാക്കിയത് തൊഴില്‍ വിപണിയില്‍ അനുകൂലഫലം ചെലുത്തും. പച്ച വിഭാഗത്തിലേക്ക് മാറുന്നതിന് കൂടുതല്‍ സൗദികളെ ജോലിക്കു നിയോഗിക്കുന്നതിന് ചുവപ്പ് വിഭാഗം സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമാകും. ടൂറിസം, വിനോദ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ അഞ്ചു വര്‍ഷത്തേക്ക് ലെവിയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള തീരുമാനം വ്യവസായ മേഖലയില്‍  കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായകമാകും. ഒരു വര്‍ഷത്തിനിടെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 36 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതാണ് ഗാര്‍ഹിക തൊഴിലാളികളുടെ മൊത്തത്തിലുള്ള എണ്ണം വര്‍ധിക്കാന്‍ കാരണമെന്നും ജദ്‌വ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി റിപ്പോര്‍ട്ട് പറയുന്നു.

 

Latest News