ന്യൂദൽഹി-ജാമ്യവ്യവസ്ഥകളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് കോടതിയെ സമീപിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ദൽഹിയിൽ പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കുന്നതിന് വേണ്ടിയാണ് ചന്ദ്രശേഖർ ആസാദ് ഇളവ് തേടിയത്. ആസാദിന്റെ ദൽഹി വിലാസം ഏതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് വാങ്ങാൻ പ്രോസിക്യൂഷനോട് ജഡ്ജ് ഡോ കാമിനി ലാവ് നിർദ്ദേശിച്ചു. ആസാദിന്റെ അപേക്ഷ ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
നിലവിൽ തന്റെ ജന്മസ്ഥലമായ യു.പിയിലെ ഷഹ്‌റാൻപുരിലാണ് ആസാദുള്ളത്. ഈ വിലാസമാണ് കോടതിയിൽ നൽകിയിരുന്നത്. അതേസമയം, ചന്ദ്രശേഖർ ആസാദിന് ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടി കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. അഭിഭാഷകരായ ഒ.പി ഭാരതി, മഹമ്മൂദ് പ്രാച എന്നിവരാണ് ചന്ദ്രശേഖറിന് വേണ്ടി കോടതിയെ സമീപിച്ചത്. ജാമ്യത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ ജനാധിപത്യവിരുദ്ധമാണെന്ന് ഇവർ ആരോപിച്ചു. ചന്ദ്രശേഖർ ആസാദ് ക്രിമിനൽ അല്ലെന്നും ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയായ ആസാദിനോട് ഇത്രയും ദിവസം ദൽഹിയിൽ വരരുത് എന്ന് പറയുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അഭിഭാഷകർ വ്യക്തമാക്കി.