ന്യൂദല്‍ഹി-നിര്‍ഭയാകേസിലെ പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരാജെയ്‌സിങ്ങിനെതിരെ പൊട്ടിത്തെറിച്ച് നിര്‍ഭയയുടെ മാതാവ് ആശാദേവി. പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനുള്ള പട്യാല ഹൗസ് കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇന്ദിരാ ജെയ്‌സിങ് തന്റെ ട്വിറ്ററിലൂടെ പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് പറഞ്ഞത്.'നിര്‍ഭയയുടെ മാതാവിന്റെ വേദന ഞാന്‍ മനസിലാക്കുന്നു. എന്നിരുന്നാലും രാജീവ്ഗാന്ധി വധക്കേസില്‍ നളിനിക്ക് സോണിയാഗാന്ധി മാപ്പ് നല്‍കിയ പോലെ പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെടുകയാണ്. ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്. എന്നാല്‍ വധശിക്ഷയ്ക്ക് എതിരുമാണ്'' എന്നായിരുന്നു ഇന്ദിരയുടെ ട്വീറ്റ്.
എന്നാല്‍ കടുത്ത ഭാഷയിലാണ് ഇവര്‍ക്കെതിരെ ആശാദേവി പ്രതികരിച്ചത്. 'ആരാണ് ഇന്ദിരാജെയ്‌സിങ്? ഇത്തരം നിര്‍ദേശം പറയാന്‍ അവര്‍ ധൈര്യപ്പെട്ടത് തനിക്ക് വിശ്വസിക്കാനാകുന്നില്ല. ഇവരെ പോലുള്ളവര്‍ രാജ്യത്ത് ഉള്ളതിനാലാണ് പീഡനത്തിനിരയായവര്‍ക്ക് നീതി ലഭിക്കാത്തത്. പലതവണ ഇന്ദിരാജെയ്‌സിങ്ങിനെ സുപ്രിംകോടതിയില്‍ വെച്ച് കണ്ടിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും തന്റെ സ്ഥിതി അന്വേഷിച്ച് കണ്ടിട്ടില്ല. ഇന്ന് അവര്‍ പ്രതികള്‍ക്ക് വേണ്ടി സംസാരിക്കുന്നു. പീഡകരെ പിന്തുണച്ചാണ് അവരെ പോലുള്ളവര്‍ ജീവിതമാര്‍ഗം കണ്ടെത്തുന്നത്' എന്നും ആശാദേവി ആരോപിച്ചു.