Sorry, you need to enable JavaScript to visit this website.

പ്ലീസ് ഇന്ത്യ ഇടപെടൽ ഫലം കണ്ടു;  യു.പി സ്വദേശി ആറു വർഷത്തിന് ശേഷം നാട്ടിലേക്ക്

തൗസീഫിന് ലത്തീഫ് തെച്ചി യാത്രാരേഖകൾ കൈമാറുന്നു.

റിയാദ്- കഴിഞ്ഞ ആറു വർഷത്തെ ദുരിതത്തിന് വിരാമമിട്ട് ഉത്തർപ്രദേശ് സ്വദേശി റീ എൻട്രി വിസയിൽ നാട്ടിലേക്ക്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന യു.പി ബഹ്‌റൈജ് സ്വദേശിയായ തൗസീഫ് (23) ആണ് പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ആറു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ വിഷമിച്ച അദ്ദേഹം പ്ലീസ് ഇന്ത്യ നടത്തിയ പബ്ലിക് അദാലത്തിൽ പങ്കെടുത്ത് സഹായം അഭ്യർഥിച്ചതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വഴി തുറന്നത്.
പരാതി ലഭിച്ചതോടെ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ മദാദിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയർമാൻ ലത്തീഫ് തെച്ചിയുടെ പേരിൽ കേസിൽ ഇടപെടാനുള്ള എംബസിയുടെ അനുമതി പത്രം ലഭിക്കുകയും ചെയ്തു. പിന്നീട് കമ്പനി അധികൃതരുമായി പ്ലീസ് ഇന്ത്യ പ്രവർത്തകർ നിരന്തരം ബന്ധപ്പെട്ടു. കമ്പനി സഹകരിക്കാതിരുന്നതോടെ ലേബർ കോടതിയിൽ കേസ് കൊടുത്തു. കമ്പനി പ്രതികാരം ചെയ്യുമെന്നതിനാൽ ജോലിയിൽ തന്നെ തുടരാൻ അദ്ദേഹത്തോട് പ്ലീസ് ഇന്ത്യ വളണ്ടിയർമാർ നിർദേശിക്കുകയായിരുന്നു. ഇതിനിടെ അസുഖ ബാധിതയായ മാതാവിന് തുടർ ചികിത്സ നൽകുന്നതിന് വേണ്ടി തൗസീഫിന്റെ സഹായം നാട്ടിൽ ആവശ്യമാണെന്ന് മാതാവ് അറിയിച്ചപ്പോൾ പ്ലീസ് ഇന്ത്യ വളണ്ടിയർമാർ കമ്പനി ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തുകയും 9000 റിയാൽ കെട്ടിവെക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഒടുവിൽ സൗദി ലേബർ നിയമമനുസരിച്ച് ആറു വർഷത്തിനിടയിൽ മൂന്നു പ്രാവശ്യം ലീവ് അനുവദിക്കാത്തതിനാൽ മൂന്നു മാസത്തെ ശമ്പളവും ടിക്കറ്റും വേണമെന്നും ഇല്ലെങ്കിൽ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും പ്ലീസ് ഇന്ത്യ അറിയിച്ചതോടെ കമ്പനി അധികൃതർ വഴങ്ങുകയായിരുന്നു.
തൗസീഫിന്റെ സാമ്പത്തിക പ്രയാസം മനസ്സിലാക്കിയ പ്ലീസ് ഇന്ത്യ സ്‌പോൺസർഷിപ്പ് മാറ്റാനും ടിക്കറ്റ് എടുക്കാനും തുക സമാഹരിച്ച് നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് തൗസീഫ് നാട്ടിലേക്ക് മടങ്ങിയത്. പ്ലീസ് ഇന്ത്യ ജി.സി.സി ചെയർമാൻ ലത്തീഫ് തെച്ചിയോടൊപ്പം ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ അഡ്വ.ജോസ് എബ്രഹാം, അഡ്വ.റിജി ജോയ്, നീതു ബെൻ, വിജയശ്രീ, മിനി മോഹൻ, റഫീഖ് ഹസൻ വെട്ടത്തൂർ, റസാഖ് കുന്ദമംഗലം, റബീഷ് കോക്കല്ലൂർ, സലീഷ് മാസ്റ്റർ, പ്രജിത്ത് കൊല്ലം, ഷറഫു മണ്ണാർക്കാട് എന്നിവരും സഹായത്തിനുണ്ടായിരുന്നു.


 

Latest News