Sorry, you need to enable JavaScript to visit this website.

ഗവർണർ ചെയ്യുന്നത്  ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ  പണി -കെ. മുരളീധരൻ എം.പി

പൗരത്വ  ഭേദഗതി നിയമത്തിനെതിരെ   മാനന്തവാടിയിൽ സമസ്ത താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. 

മാനന്തവാടി-രാജ്ഭവനിൽ ഇരുന്ന് ഗവർണർ ചെയ്യുന്നത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പണിയാണെന്നു കെ.മുരളീധരൻ എം.പി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ  സമസ്ത താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ  കേരള നിയമസഭയിൽ പ്രമേയം പാസാക്കിയതുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ  പ്രസ്താവനകൾ അംഗീകരിക്കാൻ കഴിയില്ല. സ്വന്തം സമുദായത്തിന്റെ മുഖം വികൃതമാക്കാൻ എല്ലാ സമുദായത്തിലും ചില ആളുകളുണ്ടാകും. അത്തരത്തിൽപ്പെട്ട ആളാണ്  കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. 
കേരളത്തിലെ ജനങ്ങളെ  ഗവർണർ മനസ്സിലാക്കണം. അല്ലെങ്കിൽ കേരള ജനതയുടെ തനിസ്വഭാവം ഗവർണർ അറിയും. 
ദേശീയ പതാക ഏന്തി രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങൾ സ്വാതന്ത്ര്യം നിലനിർത്താൻ വേണ്ടിയുള്ളതാണ്. നിരവധി പേരുടെ ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്താനുള്ള പോരാട്ടം വിജയത്തിലേ കലാശിക്കൂ. ഫാറൂഖ് അബ്ദുല്ല അടക്കം എം.പിമാരുടെ വീടുകൾ ജയിലറകളാക്കി മാറ്റിയുള്ള  ഭരണം മറ്റു രാഷ്ട്രങ്ങളിൽ ഇന്ത്യയുടെ യശസ്സിനു കളങ്കമുണ്ടാക്കി. 
എം.പിമാർക്കു പോലും കശ്മീരിൽ പ്രവേശനം നിഷേധിക്കുമ്പോൾ യൂറോപ്യൻമാർക്കു പ്രവേശനം നൽകുന്ന ഭരണമാണ് ഇപ്പോൾ നടക്കുന്നത്. പാർലമെന്റിൽ ഭൂരിപക്ഷമുണ്ടെന്ന് കരുതി ഭരണഘടനാവിരുദ്ധ നിയമങ്ങൾ പാസാക്കിയാൽ  അംഗീകരിക്കാൻ ജനം  തയാറാകില്ല. ഭരണഘടന ഇല്ലാതാക്കാനുള്ള ഏതു  ശ്രമത്തെയും ജനം ഒറ്റക്കെട്ടായി നേരിടും. 
ബ്രിട്ടീഷുകാരെ പുറത്താക്കിയ ഇന്ത്യൻ ജനത മോഡി-അമിത്ഷാ കൂട്ടുകെട്ടുഭരണത്തെ അപ്പൂപ്പൻതാടി പോലെയാണ് കാണുന്നതെന്നും മുരളീധരൻ പറഞ്ഞു. സമസ്ത  ജില്ലാ വൈസ് പ്രസിഡന്റ് എം.ഹസൻ മുസ്‌ല്യാർ അധ്യക്ഷത വഹിച്ചു.  അഡ്വ.ശ്രീജിത്ത് പെരുമന മുഖ്യപ്രഭാഷണം നടത്തി. വി.മൂസക്കോയ,   കെ.സി.മമ്മൂട്ടി, എസ്.മുഹമ്മദ് ദാരിമി, അഷ്റഫ് ഫൈസി, ഇമ്പിച്ചിക്കോയ തങ്ങൾ, ഇസ്മയിൽ കമ്പളക്കാട്, ഇബ്രാഹിം ഫൈസി വാളാട്, ജാഷിർ ബാഖവി, അലി യമാനി, ജലീൽ ഫൈസി, പടയൻ മുഹമ്മദ്, പി.വി.എസ്. മൂസ, മജീദ് ദാരിമി, സി.കുഞ്ഞബ്ദുല്ല, കബീർ മാനന്തവാടി, അബ്ദുൽസമദ് ദാരിമി എന്നിവർ പ്രസംഗിച്ചു. 

 

Latest News