ബുറൈദ- മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങ സ്വദേശി ഹൃദയാഘാതം മൂലം ഉനൈസയിൽ മരണപ്പെട്ടു. വേങ്ങ അലവിയുടെ മകൻ ഷറഫുദ്ദീൻ (38) ആണ് ഉറക്കത്തിൽ മരണപ്പെട്ടത്. ഉനൈസ സനയ്യ മാർക്കറ്റിൽ മത്സ്യവിൽപനക്കടയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഏഴു വർഷത്തോളമായി ഉനൈസയിലുള്ള ശറഫുദ്ദീൻ അവസാനം അവധി കഴിഞ്ഞു വന്നിട്ട് ഏഴു മാസമായി. ഭാര്യ: സുനീറ. മക്കൾ: ഹന ഷെറിൻ, അബ്ദുസ്സലാം, മുഹമ്മദ് ഷാമിൽ. മാതാവ്: ഖദീജ. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനാൽ ഉനൈസയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയിരുന്നു. വിശദമായ പരിശോധന വേണമെന്നും ഡോക്ടർ നിർദേശിച്ചിരുന്നു. സഹ ജോലിക്കാരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു വിശ്രമത്തിലായിരുന്നു. പിന്നീട്, ജോലിക്ക് എത്താതിരുന്നത് ശ്രദ്ധയിൽപെട്ട സഹപ്രവർത്തകർ റൂമിൽ ചെന്നു നോക്കിയപ്പോൾ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മയ്യിത്ത് ഉനൈസ കിംഗ് സൗദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് സ്വദേശത്തേക്ക് കൊണ്ടുപോകുമെന്ന് സഹോദര പുത്രൻ റാഷിദ് അറിയിച്ചു. മരണ വിവരമറിഞ്ഞ് മറ്റ് അടുത്ത ബന്ധുക്കളും ഉനൈസയിൽ എത്തിയിട്ടുണ്ട്. ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.