ന്യൂദല്‍ഹി- രാജ്യത്ത് ദേശീയ ജനസംഖ്യാ രജിസ്ട്രര്‍ നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പരാതിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രിംകോടതി. പൗരത്വഭേദഗതിക്ക് എതിരായ ഹരജികള്‍ ജനുവരി 22ന് പരിഗണിക്കുന്നതിനൊപ്പം ഈ ഹരജിയും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ബംഗാള്‍ സ്വദേശി ഇസ്രാറുള്‍ ഹഖ് മൊണ്ടാല്‍ ആണ് എന്‍പിആര്‍ നടപ്പാക്കാനുള്ള നടപടികള്‍ക്ക് കേന്ദ്രം തുടക്കമിട്ട സാഹചര്യത്തില്‍ ഹരജി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 31നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്ട്രര്‍ സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ഈ വരുന്ന ഏപ്രിലില്‍ ഇത് സംബന്ധിച്ച നടപടികള്‍ ഔദ്യോഗികമായി തന്നെ ആരംഭിക്കാനിരിക്കെ ജനങ്ങളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഭേദഗതി നിയമത്തിലെ 2,3,5,6 വകുപ്പുകള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,21,25 പ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് പൗരത്വഭേദഗതിയെ ചൂണ്ടിക്കാട്ടി ഹരജിക്കാരന്‍ ചോദ്യം ചെയ്യുന്നു. പൗരന്മാരുടെ എന്‍ആര്‍സി തയ്യാറാക്കാന്‍ എന്‍പിആര്‍ അടിസ്ഥാനമായി എടുത്തേക്കുമെന്നും ഹരജിക്കാരന്‍ ആരോപിച്ചു.