ന്യൂദൽഹി- ഇന്ത്യയിൽ നടപ്പാക്കാനിരിക്കുന്ന ദേശീയ ജനസംഖ്യ രജിസ്‌ട്രേഷനും(എൻ.പി.ആർ) ദേശീയ പൗരത്വ രജിസ്‌ട്രേഷനും(എൻ.ആർ.സി)യും ഒന്നാണെന്ന് സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവ്. എൻ.പി.ആറിന് വേണ്ടി ഉപയോഗിക്കുന്ന അതേവിവരം തന്നെ എൻ.ആർ.സിക്ക് വേണ്ടിയും ഉപയോഗിക്കുമെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി. എൻ.പി.ആറിനെ എതിർക്കുന്നത് കൊണ്ട് ഒരാളും സർക്കാറിന്റെ ക്ഷേമ പദ്ധതികളിൽനിന്നും ഒഴിവാകില്ലെന്നും യാദവ് പറഞ്ഞു. 2016 ജനുവരി 17ന് ആത്മഹത്യ ചെയ്ത ദലിത് ഗവേഷക വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹത്യ ചെയ്തതിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് വി ദ പീപ്പിൾ ഓഫ് ഇന്ത്യ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു യോഗേന്ദ്ര യാദവ്. പൗരത്വഭേദഗതി നിയമം ആരുടെയും പൗരത്വം ഇല്ലാതാക്കുന്നില്ല എങ്കിൽ പോലും ഇത് കൂടുതൽ അപകടരകരമാണ്. രാജ്യത്ത് ഇതാദ്യമായാണ് പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത്. ഹിന്ദു ഇസ്രയേലും ഹിന്ദു പാക്കിസ്ഥാനുമുണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. മനുഷ്യരുടെ ജാതിയോ മതമോ രാഷ്ട്രമോ പരിഗണിക്കാതെ പൗരത്വം അനുവദിച്ചിരുന്ന ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നയാളാണ് താനെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. പശ്ചിമബംഗാളിൽ വിജയിക്കാൻ വേണ്ടി നഗ്നമായ വർഗീയ കാർഡാണ് ബി.ജെ.പി പുറത്തെടുക്കുന്നത്. കേന്ദ്രം ഒരിക്കലും സി.എ.എയിൽനിന്ന് പിറകോട്ട് പോകില്ല. എൻ.പി.ആറിനുള്ള പ്രവർത്തനവും കേന്ദ്രം തുടങ്ങി. നമ്മളും പിറകോട്ട് പോകുന്നില്ല. ഇന്ത്യയുടെ ആത്മാവ് രക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് നാം ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യ എന്ന ആശയത്തെ നാം പുനർനിർമ്മിക്കുക തന്നെ ചെയ്യും. എപ്പോഴാണ് എന്ന ചോദ്യമുണ്ടാകും. ഏറെ നീണ്ടുനിന്നാലും നാം വിജയിക്കുക തന്നെ ചെയ്യും. ഇത് സി.എ.എക്കോ എൻ.ആർ.സിക്കോ എതിരെ മാത്രമല്ല. ഇത് ഇന്ത്യ എന്ന ആശയത്തെ പ്രതിരോധിക്കാനുള്ള യുദ്ധമാണ്. അവർ വിഭജിക്കാനുള്ള ശ്രമം തുടരും. നമ്മൾ ഒന്നിപ്പിക്കാനുള്ള പോരാട്ടവും-യോഗേന്ദ്ര യാദവ് വ്യക്തമാക്കി.