ന്യൂദല്‍ഹി-കേരള ടൂറിസം വകുപ്പ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ബീഫിന്റെ ചിത്രത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്. പശുവിനെ പൂജിക്കുന്ന കോടിക്കണക്കിന് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് കേരള ടൂറിസം വകുപ്പിന്റെ നടപടിയെന്ന് വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ ട്വീറ്റ് ചെയ്തു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെ ടാഗ് ചെയ്താണ് ട്വീറ്റ്.
ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനാണോ ബീഫിനെ പ്രോത്സാഹിപ്പിക്കാനാണോ ഈ ട്വീറ്റെന്നും പശുവിനെ പൂജിക്കുന്ന കോടിക്കണക്കിന് പേരുടെ വികാരത്തെ ഇത് വ്രണപ്പെടുത്തില്ലേ എന്നും വിനോദ് ബന്‍സാല്‍ ചോദിച്ചു. ശങ്കരാചാര്യരുടെ പുണ്യ ഭൂമിയില്‍നിന്നുതന്നെയാണോ ഇത്തരമൊരു ട്വീറ്റ് ഉണ്ടായതെന്ന് ചോദിച്ച വിനോദ് ബന്‍സാല്‍ ഇക്കാര്യത്തില്‍ ടൂറിസം വകുപ്പിനെ ഉപദേശിക്കണമെന്നും ട്വീറ്റില്‍ ആവശ്യപ്പെടുന്നു.