ന്യൂദൽഹി- വെള്ളിയാഴ്ച ദൽഹി ജുമ മസ്ജിദിൽ സന്ദർശനം നടത്തുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ദൽഹി ജുമ മസ്ജിദിൽ എത്തുമെന്നും തുടർന്ന് രവിദാസ് ക്ഷേത്രത്തിലും ഗുരുദ്വാരയിലും ചർച്ചിലും പോകുമെന്നും ആസാദ് വ്യക്തമാക്കി. ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആസാദ്. പൗരത്വഭേദഗതി നിയമം പിൻവലിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന അക്രമികൾക്കെതിരെ പൊരുതുമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു. ബുധനാഴ്ചയാണ് ചന്ദ്രശേഖർ ആസാദിന് ദൽഹി കോടതി ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് ആസാദ് ജയിൽ മോചിതനായത്. ദൽഹിയിൽ പ്രവേശിക്കരുതെന്ന് ആസാദിനോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ജുമാ മസ്ജിദിൽ പോകാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചിരുന്നു.