വെല്ലി0ഗ്ടണ്‍-ന്യൂസീലന്‍ഡ് വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ആമി സാട്ടര്‍ത്‌വെയ്റ്റും ടീമംഗം ലിയ തഹുഹുവും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തയായിരുന്നു. വിവാഹത്തോടെ രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍ എന്ന ബഹുമതിയും ഇരുവരും സ്വന്തമാക്കിയിരുന്നു.
ആമിക്ക് കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്തയും ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സാട്ടര്‍ത്‌വെയ്റ്റിന് പ്രസവ അവധി അനുവദിക്കുകയും ചെയ്തത് ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അടുത്തിടെയാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ്, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രസവാവധി അനുവദിച്ചുകൊണ്ട് നിയമം പരിഷ്‌കരിച്ചത്. ഇതോടെ ഈ ആനുകൂല്യം ലഭിക്കുന്ന ആദ്യ താരമെന്ന അപൂര്‍വതയും സാട്ടര്‍ത്‌വെയ്റ്റിനെ തേടിയെത്തി.
പ്രസവാവധി എടുത്തതിനാല്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന് 2019ല്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ കളിക്കാനും സാധിച്ചിരുന്നില്ല. ഇപ്പോഴിതാ, ഇരുവര്‍ക്കും ഒരു പെണ്‍ കുഞ്ഞ് പിറന്നിരിക്കുകയാണ്. ഗ്രേസ് മേരി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ലീ താഹുഹുവാണ് കുഞ്ഞിന്റെ ജനനം ലോകത്തോട് പറഞ്ഞത്. ഈ മാസം 13ന് ആയിരുന്നു ഗ്രേസ് മേരിയുടെ ജനനമെങ്കിലും വ്യാഴാഴ്ചയാണ് താഹുഹു ഇക്കാര്യം പരസ്യമാക്കിയത്. കുഞ്ഞിന്റെ വിരലുകള്‍ ചേര്‍ത്തുപിടിക്കുന്ന ഇരുവരുടെയും കൈകളുടെ ചിത്രത്തിനൊപ്പമാണ് താഹുഹുവിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. സ്വവര്‍ഗസ്‌നേഹം ന്യൂസീലന്‍ഡില്‍ നിയമവിധേയമാണ്. 2010 മുതല്‍ ഇരുവരും ഒന്നിച്ചാണ്. 2017ല്‍ വിവാഹിതരായി. നിയമപരമായ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാല്‍, ഏതു മാര്‍ഗത്തിലൂടെയാണ് ഗര്‍ഭം ധരിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. 2013 ഓഗസ്റ്റ് 19 മുതല്‍ ന്യൂസീലന്‍ഡില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാണ്. 2013 ഏപ്രില്‍ 17ന് പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെത്തിയ ബില്‍ 44ന് എതിരേ 77 വോട്ടുകള്‍ക്കാണ് പാസായത്. 32കാരിയായ ആമി കിവീസിനായി 119 ഏകദിനങ്ങളും 99 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 28 കാരിയായ ലിയ തഹുഹു 66 ഏകദിനങ്ങളിലും 50 ട്വന്റി 20 മത്സരങ്ങളിലും കളത്തിലിറങ്ങി.