കോഴിക്കോട്- ഇന്ത്യയിൽനിന്ന് ഭയത്തിന്റെ സഹചര്യം മാറി പ്രത്യാശയുടെ ഉദയമുണ്ടാകുമെന്ന് പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.എം കൃഷ്ണ. കേന്ദ്ര സർക്കാറിനെതിരെ രവീന്ദ്രനാഥ ടാഗോറിന്റെ ജന ഗണ മന പാടി ജനം തെരുവിൽ ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു കൃഷ്ണ. വിശാലമായ അർഥം ഉള്ളതാണ് ജന ഗണ മന. അതിന്റെ വിശാല അർഥം മുഴുവൻ ഉൾക്കൊള്ളാൻ ദേശീയ ഗാനത്തിന് സാധിച്ചിട്ടില്ല. ടാഗോർ എഴുതിയ ജന ഗണ മനയെക്കുറിച്ചുള്ള ചർച്ചകളാണ് നടക്കേണ്ടത്. അതിന്റെ മുഴുവൻ വരികളുമാണ് പാടേണ്ടത്.
പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഗാനമാണിത്. ജന ഗണ മനയുടെ ശക്തി ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു. ജന ഗണ മന ഇരുന്ന് പാടരുതെന്ന് പറയുന്നവരുണ്ട്. എന്താണ് അതിന് കുഴപ്പം. എന്താണ് അതിൽ ബഹുമാനക്കുറവ്. നിന്ന് കൊണ്ട് ഭീഷണി സ്വരത്തിൽ ജന ഗണ മന പാടിയാൽ രാജ്യസ്‌നേഹിയാകുമോ. ദേശീയ ഗാനത്തിന്റെ പേരിൽ സിനിമാ തീയറ്ററിൽ ആളുകളെ തല്ലിയാൽ അത് രാജ്യസ്‌നേഹമാകുമോ. ജന ഗണ മന പ്രതിഷേധത്തിന്റെ ഗാനമാണ്. പൗരത്വ ഭേദഗതി നിയമത്തിനും എൻ ആർ സിക്കും എതിരായ ഗാനമാണിത്. ഈ സർക്കാരിന് എതിരായ പ്രതിഷേധ ഗാനമായി ജന ഗണ മന പാടി ആളുകൾ തെരുവിൽ ഇറങ്ങണം.
ഏതാനും വർഷങ്ങൾക്ക് മുമ്പ്, ജനഗണമനയെക്കുറിച്ച് ഇങ്ങനെ ഒരു സംസാരം വേണ്ടി വരുമെന്ന് നമ്മളാരും കരുതിയിരുന്നതല്ല. എന്നാൽ ഇന്ന് കാലം മാറി. പല കാര്യങ്ങളുമായി നമുക്കുള്ള ബന്ധം മാറി. ഇന്നും ജന ഗണ മനയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ഒരാൾ, ഒരു കൂട്ടം ആളുകൾ, മനസ് ഇതാണ് ടാഗോർ പറഞ്ഞ ജന ഗണ മന. ഇതിൽ എല്ലാം ഉണ്ട്. ഗംഗ ഒരു നദിയുടെ പേരായും നദി എന്നതിന് പര്യായമായും പ്രത്യക്ഷപ്പെടുന്നു. ദ്രാവിഡ എന്നതിൽ വലിയ ആശയമുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളെപ്പറ്റി പരമാർശമുണ്ട്. അതിലും വലിയ രാഷ്ട്രീയമുണ്ട്. ഒഴിവാക്കപ്പെട്ട മനുഷ്യരെക്കുറിച്ചും സ്വന്തം സ്ഥലമില്ലാത്ത, ജില്ലയില്ലാത്ത മനുഷ്യരെക്കുറിച്ചുള്ള കാഴ്ചപ്പാടുണ്ട്. പൗരത്വമല്ല ഇവിടത്തുകാരൻ ആയിരിക്കുക എന്നതാണ് പ്രധാനം എന്ന സന്ദേശമുണ്ട്. പറ്റുമ്പോഴൊക്കെ ജന ഗണ മന ചൊല്ലുക എന്നത് ഒരു പ്രതിരോധമാണ്.
ഇന്ന് എവിടെയും ഭയമാണ്. നമ്മുടെ സുഹൃത്തുക്കൾക്ക് നാളെ എന്ത് പറ്റും എന്ന ഭയം. നമ്മുടെ ബന്ധുക്കൾക്ക് നാളെ എന്ത് പറ്റും എന്ന ഭയം. ആര് വേണമെങ്കിലും നാളെ രാജ്യത്തിന് എതിരാണ് എന്ന് മുദ്ര കുത്തപ്പെടാം എന്ന ഭയമാണ് എങ്ങും. ഈ ഭയം നീക്കാനുള്ള പ്രത്യാശയും ജന ഗണ മനയിൽ ടാഗോർ എഴുതി വെച്ചിട്ടുണ്ട്. ഒരു സൂര്യൻ ഉദിച്ചുവരുന്നുണ്ട് എന്നാണ് ടാഗോർ എഴുതിയത്. അന്ന് ഇത് ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഉള്ള താക്കീതായിരുന്നു. ഒന്നും ലോകത്തിന്റെ അവസാനമല്ല എന്ന വാക്കുകളായിരുന്നു. ഈ രാജ്യം ഉദയങ്ങൾ കാണാൻ പോകുകയാണ്. പ്രത്യാശയുടെ ഉദയങ്ങൾ വരും.