Sorry, you need to enable JavaScript to visit this website.

ഈ വര്‍ഷം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയത് 35 കോടി സ്മാര്‍ട്‌ഫോണുകള്‍

ന്യൂദല്‍ഹി- 2017-ല്‍ മാത്രം ഇന്ത്യയില്‍ വില്‍പ്പനയ്ക്കായി എത്തിയത് 35 കോടി സ്മാര്‍ട്‌ഫോണുകളെന്ന് അസോചാം-കെപിഎംജി പഠനം. സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 2015-ലെ 1,11,000 കോടി രൂപയില്‍ നിന്ന് 2016-ല്‍ 1,35,000 കോടിയായി ഉയര്‍ന്നതായും പഠനം പറയുന്നു. ഇന്ത്യയിലെ മൊത്തം ഹാന്‍ഡ്‌സെറ്റ് വില്‍പ്പനയുടെ 43 ശതമാനവും സ്മാര്‍ട്‌ഫോണുകളാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെയാണ് ഈ വലിയ വളര്‍ച്ചയുണ്ടായത്. 

മെച്ചപ്പെട്ട ടെലികോം സേവനങ്ങളും നല്ല കണക്ടിവിറ്റിയുമാണ് ഈ വളര്‍ച്ചയെ ത്വരതിപ്പെടുത്തിയതെന്നും ഇതു വഴി ചില്ലറ വില്‍പ്പന, ഉല്‍പ്പാദനം, ഐടി, ഇ കോമേഴ്‌സ് തുടങ്ങിയ വ്യവസായ മേഖലകളും നേട്ടം കൊയ്തുവെന്നും പഠനം പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള ഹാന്‍ഡ്‌സെറ്റ് കയറ്റുമതിയില്‍ 2008-നും 2012-നുമിടയില്‍ 12,000 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെങ്കിലും തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍ ഇതില്‍ 30 ശതമാനത്തിന്റെ ഇടിവ് വന്നു. ഹാന്‍ഡ്‌സെറ്റ് ഉല്‍പ്പാദന വ്യവസായ രംഗത്തെ ഈ ഇടിവ് സര്‍ക്കാരിന് ആശങ്കയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Latest News