ന്യൂദൽഹി- പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരിൽ ഉത്തർപ്രദേശ് പോലീസിന്റെ ഭീകരത ചൂണ്ടിക്കാട്ടി അനുഭവസ്ഥരുടെ സാക്ഷ്യം. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവർ പ്രതികാരം നേരിടേണ്ടി വരും എന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ വിരട്ട് അക്ഷരാർഥത്തിൽ അനുഭവിച്ചറിഞ്ഞു എന്നും അവർ പറഞ്ഞു. രക്തസമ്മർദം ഉയർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ സർക്കാർ ഡോക്ടറും നാടകം കാണിക്കല്ലേ എന്നു പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കോൺഗ്രസ് വക്താവ് കൂടിയായ സദഫ് ജാഫർ പറഞ്ഞു.
ഓരോ തവണയും ലാത്തി കൊണ്ട് നടുവിന് അടിക്കുമ്പോൾ നീ പാക്കിസ്ഥാനിയല്ലേ, ഇവിടെനിന്നു തിന്നു കൊഴുത്തു കഴിയുന്നു, നിന്റെ കുട്ടികളും ഇവിടെയല്ലേ വളരുന്നതെന്ന് ചോദിച്ചാണ് ദിവസങ്ങളോളം യു.പി പോലീസ് സദഫിനെ കസ്റ്റഡിയിൽ മർദിച്ചത്. ജയിലിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൊലപാതക കുറ്റം ചുമത്തുമെന്ന് പറഞ്ഞാണ് രാത്രി വൈകിയും പോലീസ് മർദിച്ചു കൊണ്ടിരുന്നത്.
മീര നായരുടെ സ്യൂട്ടബിൾ ബോയ് എന്ന സിനിമയിലടക്കം സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സദഫ് മികച്ച നടിയും ആക്ടിവിസ്റ്റും കോൺഗ്രസ് പ്രവർത്തകയുമാണ്. ഡിസംബർ 19ന് ലഖ്‌നൗവിലെ പരിവർത്തൻ ചൗക്കിൽ നടന്ന പ്രതിഷേധത്തിന്റെ ഫേസ് ബുക്ക് ലൈവ് നൽകുന്നതിനിടെയാണ് ഉത്തർപ്രദേശ് പോലീസ് സദഫിനെ അറസ്റ്റ് ചെയ്യുന്നത്. വർഗീയ പരാമർശം നടത്തിയും പാക്കിസ്ഥാനിലേക്ക് പോയ്‌ക്കോണം എന്നാക്രോശിച്ചും ക്രൂരമായി മർദിക്കുകയും ചെയ്തു. ജീവിതത്തിൽ ഇനി മേലിൽ ഒന്നിനോടും ഭയം തോന്നില്ല. അത്രമേൽ ക്രൂര പീഡനങ്ങളിലൂടെയും വർഗീയ, വംശീയ അധിക്ഷേപങ്ങളിലൂടെയുമാണ് കടന്നു പോയത്. പോലീസുകാർ അടിക്കുമ്പോൾ വനിത പോലീസുകാർ പുറകിൽ നിന്നു മുടിയിൽ പിടിച്ചു വലിച്ചു നിർത്തി. ഇരുട്ടറ പോലുള്ള ജയിൽ മുറിയിൽ കൊടും തണുപ്പിൽ ഭക്ഷണമോ പുതപ്പോ തന്നിരുന്നില്ല.
ഹസ്‌റത്ഗഞ്ച് പോലീസ് ജാഫറിനുമേൽ പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ക്രിമിനൽ വകുപ്പുകളടക്കം ചുമത്തിയിരുന്നു. സദഫ് ജാഫറിനെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സംവിധായിക മീരാ നായർ എന്നിവരുൾപ്പടെ നിരവധി പേർ സദഫിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
സദഫിനൊപ്പം അറസ്റ്റിലായ ആക്ടിവിസ്റ്റും ഗായകനുമായ ദീപക് കബീർ, അമേഠി സർവകലാശാലയിലെ അധ്യപാകനായിരുന്ന പവൻ റാവു അംബേദ്കർ, മുൻ പോലീസ് ഓഫീസർ എസ്.ആർ ദാരാപുരി എന്നിവരും ഇന്നലെ പ്രതിപക്ഷ നേതാക്കൾക്കൊപ്പം പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ ഉത്തർപ്രദേശ് പോലീസിൽ നിന്നു തങ്ങൾ നേരിട്ട ക്രൂരപീഡനങ്ങളെക്കുറിച്ചു വിവരിച്ചു. ഹസ്‌റത്പൂരിലെ പോലീസ് സ്‌റ്റേഷനിൽ സദഫിനെ തിരക്കിച്ചെന്നപ്പോഴാണ് ദീപക് കബീറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കമ്യൂണിസ്റ്റ് ഹെയർ സ്‌റ്റൈൽ എന്നാരോപിച്ചാണ് കബീറിന്റെ മുടിയിൽ പിടിച്ചു വലിച്ചു പോലീസുകാർ കബീറിന്റെ മുഖത്തടിച്ചത്. 32 വർഷം പോലീസ് ഓഫീസറായി ജോലി ചെയ്ത താൻ ഇതു പോലൊരു പോലീസ് ക്രൂരത ജീവിതത്തിൽ കണ്ടിട്ടില്ലെന്നാണ് മുൻ ഐ.പി.എസ് ഓഫീസറും ഐ.ജിയുമായിരുന്ന എസ്.ആർ ധാരാപുരി പറഞ്ഞത്. 72 കാരാനായ ധാരാപുരിയെ വീട്ടിൽ നിന്നാണ് പോലീസ് പിടിച്ചു കൊണ്ടു പോയത്. കൊടും തണുപ്പിൽ പുതയ്ക്കാൻ ഒരു പുതപ്പോ കുടിക്കാൻ വെള്ളം പോലും അദ്ദേഹത്തിന് കൊടുത്തില്ല. ഒരു പോലീസുകാരൻ തന്റെ ഹെൽമെറ്റ് പൊട്ടിച്ചിതറുന്നത് വരെ അതു കൊണ്ട് തന്നെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നെന്നാണ് പവൻ റാവ് അംബേദ്കർ പറഞ്ഞത്. ദളിത് വിഭാഗത്തിൽ നിന്നുള്ള തനിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ ദുരനുഭവങ്ങൾ വിവരിക്കാൻ എത്തിയ സദഫിനും കബീറിനും ദാരാപുരിക്കും പവൻ റാവുവിനും ഒപ്പം സിപിഎം നേതാക്കളായ സീതാ റാം യെച്ചൂരി, വൃന്ദ കാരാട്ട്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, എൽ.ജെ.ഡി നേതാവ് ശരദ് യാദവ്, ആർജെഡി നേതാവ് മനോജ് ഝാ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. ബി.ജെ.പി സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചകളാണ് ഉത്തർപ്രദേശിലെ പോലീസ് നരനായാട്ടിൽ വ്യക്തമായതെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി.