മോസ്കോ- റഷ്യയില്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു. ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന് വാർഷിക പ്രസംഗത്തിൽ വ്‌ളാഡിമിര്‍ പുടിൻ പറഞ്ഞതിനു തൊട്ടുപിന്നാലെ പുടിന്റെ സാന്നിധ്യത്തില്‍ ദേശീയ ടെലിവിഷൻ വഴിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
മെദ്‌വദേവും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും പ്രസിഡന്റ് പുടിന് രാജിക്കത്ത് കൈമാറി. രാജി സ്വീകരിച്ച പുടിന്‍ ഇതുവരെയുള്ള സേവനങ്ങള്‍ക്ക് മെദ്‌വദേവിനെ അഭിനന്ദിച്ചതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതുവരെ കാവല്‍ സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മന്ത്രിമാരോട് നിര്‍ദേശിച്ചു.
"മാറ്റങ്ങൾക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള സാഹചര്യം പ്രസിഡന്റിന് നമ്മള്‍ ഒരുക്കിക്കൊടുക്കണം. തുടർന്നുള്ള എല്ലാ തീരുമാനങ്ങളും പ്രസിഡന്റ് എടുക്കുന്നതായിരിക്കും" രാജി പ്രഖ്യാപനത്തില്‍ മെദ്‌വദേവ് പറഞ്ഞു.
റഷ്യയിൽ നിലവിൽ പ്രസിഡന്റാണ് പൂർണ അധികാരം എന്നാൽ പുതിയ മാറ്റങ്ങള്‍ വരുന്നതോടെ പ്രസിഡന്റിൽനിന്ന് അധികാരം പ്രധാനമന്ത്രിക്കും പാർലമെന്റിനു കൈമാറും. പ്രസിഡന്റാണ് നിലവില്‍ പ്രധാനമന്ത്രിയേയും മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരെയും നിയമിക്കുന്നത് എന്നാല്‍ പുതുതായി രൂപവത്കരിക്കുന്ന നിയമപ്രകാരം നിയമനത്തിന് പാര്‍ലമെന്റിന്റെ അധോസഭയുടെ അംഗീകാരംകൂടി ലഭിക്കണം.
ഭരണഘടനാ ഭേദഗതിക്ക് മുന്നോടിയായി ഇതുസംബന്ധിച്ച് ഹിതപരിശോധന നടത്തുമെന്ന് പ്രസിഡന്റ് പുടിൻ അറിയിച്ചു. രാജിവച്ച പ്രധാനമന്ത്രിയും, തന്റെ വിശ്വസ്തനുമായ മെദ്‌വദേവിനെ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയരക്ടറായി നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.