Sorry, you need to enable JavaScript to visit this website.

അലനും താഹക്കും എതിരെ യുഎപിഎ ചുമത്തിയത് ന്യായീകരിച്ച മുഖ്യമന്ത്രിക്കൊപ്പം പൗരത്വ വിരുദ്ധ പ്രതിഷേധത്തിനില്ല: ജോയ്മാത്യു

കോഴിക്കോട്- പൗരത്വഭേദഗതിക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിഷേധിക്കില്ലെന്ന് ജോയ്മാത്യു. സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു. അലന്‍ ,താഹ എന്നിവര്‍ക്ക് നേരെ യുഎപിഎ ചുമത്തിയ പോലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്കൊപ്പം എങ്ങിനെയാണ് പൗരത്വഭേദഗതി വിരുദ്ധ സമരങ്ങളില്‍ പങ്കെടുക്കാനാകുകയെന്നും അദേഹം ചോദിച്ചു. കോഴിക്കോട് യുഎപിഎ,ഫാഷിസ്റ്റ് നിയമങ്ങള്‍ക്ക് എതിരെ നടത്തിയ ജനാധിപത്യ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. 'ഓഷോയിലും മാര്‍ക്‌സിസത്തിലും മാവോയിലും ഒരാള്‍ക്ക് വിശ്വസിക്കാം. അതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയതിന് എന്താണ് ന്യായീകണം?സാധാരണ മലയാളിക്ക് വിശ്വസിക്കാന്‍ സാധിക്കുന്ന കാര്യങ്ങളല്ല പോലീസ് പറയുന്നത്. 19 വയസുള്ള ചെറുപ്പക്കാരെ അഞ്ച് വര്‍ഷമായി നിരീക്ഷിക്കുന്നുവെന്നാണ് പോലീസ് പറഞ്ഞത്.

അലന്റെയും താഹയുടെയും അറസ്റ്റ് സംബന്ധിച്ച് പോലീസിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ചായ കുടിക്കാന്‍ പോയതിനല്ല അവരെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അത്തരത്തില് പോലീസ് നടപടിയെ ന്യായീകരിക്കുന്ന ഒരാള്‍ക്കൊപ്പം പൗരത്വഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ജോയ്മാത്യു പറഞ്ഞു. നേരത്തെയും അലനും താഹയ്ക്കും നേരെ യുഎപിഎ ചുമത്തിയ സന്ദര്‍ഭത്തില്‍ ജോയ്മാത്യു മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പൗരത്വഭേദഗതിയെ എതിര്‍ക്കുന്ന മുഖ്യമന്ത്രി ചെറുപ്പക്കാര്‍ക്ക് നേരെ യുഎപിഎ ചുമത്തിയ നടപടിയെ ഇരട്ടത്താപ്പ് എന്നാണ് അദേഹം അഭിപ്രായപ്പെട്ടിരുന്നത്. ജനാധിപത്യ സംഗമം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ഉദ്ഘാടനം ചെയ്തു.
 

Latest News