അഹമ്മദാബാദ്- രാജ്യം ഉറ്റുനോക്കിയ രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് ജയം. ഗുജറാത്ത് അസംബ്ലിയിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിച്ച അഹമ്മദ് പട്ടേൽ 44 വോട്ട് നേടിയാണ് വിജയിച്ചത്. സോണിയാഗാന്ധിയുടെ സെക്രട്ടറി കൂടിയായ അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ ആത്മവീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ നേതൃത്വം നൽകിയ തന്ത്രങ്ങൾ അവസാനനിമിഷം പാളുകയായിരുന്നു. കോൺഗ്രസിന്റെ രണ്ട് അംഗങ്ങൾ വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പർ അമിത്ഷാക്ക് കാണിച്ചതാണ് വിനയായത്. ഈ വോട്ടുകൾ അസാധുവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മുതിർന്ന മന്ത്രിമാരടക്കമുള്ളവർ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് സമീപിച്ചെങ്കിലും സമർദ്ദത്തിന് വഴങ്ങാതെ വോട്ട് അസാധുവാക്കാനുള്ള തീരുമാനത്തിൽ കമ്മീഷൻ ഉറച്ചുനിന്നു. ഇതോടെ അഹമ്മദ് പട്ടേലിന്റെ പുതിയ വിജയലക്ഷ്യം 44 വോട്ട് എന്നായി ചുരുങ്ങുകയായിരുന്നു. അതിനിടെ, ബി.ജെ.പി എം.എൽ.എ നളിൻ കൊട്ടാഡിയ കൂറുമാറിയതായും ആരോപണമുയർന്നു. അഹമ്മദ് പട്ടേലിന് അനുകൂലമായാണ് കൊട്ടാഡിയ വോട്ട് ചെയ്തത്. ഫെയ്‌സ്ബുക്കിലൂടെ കൊട്ടാഡിയയെയാണ് ഇക്കാര്യം പറഞ്ഞത്. സമുദായത്തിന് വേണ്ടിയാണ് താന്‍ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്തതെന്ന് കൊട്ടാഡിയ പറഞ്ഞു. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് കൊട്ടാഡിയ നിലപാട് വ്യക്തമാക്കിയത്.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാനായത്. വൈകിട്ട് അഞ്ചിന് വോട്ടിംഗ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനെ കോണ്‍ഗ്രസ് സമീപിച്ചതോടെ വോട്ടെണ്ണല് വൈകി. പിന്നീട് വോട്ടെണ്ണല്‍ തുടങ്ങിയെങ്കിലും ബി.ജെ.പിയും എതിര്‍പ്പുമായെത്തി.
ബി.ജെ.പി സ്ഥാനാർഥികളായി മത്സരിച്ച ദേശീയ പ്രസിഡന്റ് അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർ നേരത്തെ തന്നെ വിജയം ഉറപ്പാക്കിയിരുന്നു. അവശേഷിക്കുന്ന ഒരു സീറ്റിൽ കോൺഗ്രസിന് ജയിക്കാമായിരുന്നെങ്കിലും ഏഴ് എം.എൽ.എ മാർ ബി.ജെ.പി പാളയത്തിലേക്ക് മാറിയതോടെ കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾ തെറ്റി. കോൺഗ്രസിൽനിന്ന് രാജിവെപ്പിച്ച ബൽവന്ത് സിംഗ് രജ്പുതിനെയാണ് മൂന്നാമത്തെ സീറ്റിലേക്ക് ബി.ജെ.പി മത്സരിപ്പിച്ചിരുന്നത്.
കൂടുതൽ എം.എൽ.എമാർ കൂറുമാറുമെന്ന് ആശങ്കയുണ്ടായിരുന്നതിനാൽ ഇവരെ കർണാടകയിലെ ഒരു റിസോർട്ടിൽ താമസിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തിലേക്ക് തിരിച്ചുവന്ന എം.എൽ.എമാരെ ഇന്ന് രാവിലെ പ്രത്യേക ബസിൽ വോട്ട് ചെയ്യാനായി എത്തിച്ചു. 44 എം.എൽ.എമാരാണ് ബസിലുണ്ടായിരുന്നത്. വിജയിക്കാൻ 45 എം.എൽ.എമാരുടെ പിന്തുണയാണ് കോൺഗ്രസിന് വേണ്ടിയിരുന്നത്. ജെ.ഡി.യു, എൻ.സി.പി കക്ഷികളുടെ പിന്തുണയോടെ വിജയിക്കാനാകുമെന്ന് കോൺഗ്രസ് കണക്കൂക്കൂട്ടുകയും ചെയ്തു. ഇതിനിടെയാണ് സ്വന്തം പാളയത്തിൽനിന്നു തന്നെ രണ്ട് എം.എൽ.എമാർ കൂറുമാറിയതായി സംശയം ജനിച്ചത്.
എൻ.സി.പി, ജനതാദൾ യുനൈറ്റഡ് എം.എൽ.എമാരുടെ പിന്തുണ സംബന്ധിച്ചും ആശയകുഴപ്പമുണ്ടായി. കോൺഗ്രസിനാണ് പിന്തുണയെന്ന് എൻ.സി.രി ദേശീയ നേതൃത്വം നിലപാട് സ്വീകരിച്ചെങ്കിലും സംസ്ഥാന കമ്മിറ്റി അതിന് വിരുദ്ധമായ നയമാണെടുത്തത്. ബി.ജെ.പിക്കാണ് പിന്തുണയെന്ന് എൻ.സി.പി സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു. അതേസമയം ജെ.ഡി.യു അംഗം കോൺഗ്രസിന് വോട്ട് ചെയ്തുവെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സുരക്ഷയാണ് വോട്ടു ചെയ്യുമ്പോൾ തന്റെ മനിസിലുള്ളതെന്ന് ജെ.ഡി.യു എം.എൽ.എ ഛോട്ടു വാസവ പ്രതികരിച്ചു. നോട്ടുനിരോധനം, ജി.എസ്.ടി മുതലായ തീരുമാനങ്ങളുണ്ടാക്കിയ പ്രത്യാഘാതങ്ങളും മുസ്്‌ലിംകൾ, ദലിതുകൾ, മറ്റ് പിന്നോക്കവിഭാഗങ്ങൾ തുടങ്ങിയവർ അനുഭവിക്കുന്ന പ്രയാസങ്ങളും തന്റെ മനസിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഹമ്മദ് പട്ടേലിനാണ് വോട്ട് ചെയ്യുക എന്ന് ഛോട്ടു വാസവ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ വേണ്ടി നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്ങളുടെ എം.എൽ.എ ഇക്കാര്യം അനുസരിച്ചുവെന്നും ജെ.ഡി.യു വക്താവ് കെ.സി ത്യാഗി എം.പി അവകാശപ്പെട്ടു. എന്നാൽ നിതീഷ് കുമാർ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും വോട്ട് ആർക്ക് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്നും വാസവ വ്യക്തമാക്കി. പട്ടേലിനാണ് വോട്ട് നൽകിയതെന്ന കാര്യം അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. കോൺഗ്രസിൽനിന്ന് പുറത്തുപോയെങ്കിലും അഹമ്മദ് പട്ടേലിന് വോട്ട് ചെയ്യുന്ന കാര്യത്തിൽ വിയോജിപ്പില്ലെന്ന് നേരത്തെ വ്യ്ക്തമാക്കി ശങ്കർ സിംഗ് വഗേല ഇന്ന് നിലപാട് മാറ്റി. പട്ടേൽ പരാജയപ്പെടുമെന്നും തോൽക്കുന്ന സ്ഥാനാർത്ഥിക്ക് എന്തിന് വോട്ട് ചെയ്യണമെന്നും വഗേല ചോദിച്ചു.
182 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 120 എം.എൽ.എമാരുടെ പിന്തുണയാളുള്ളത്. കോൺഗ്രസിന് 57 എം.എൽ.എമാരുണ്ടായിരുന്നു. ഇതിൽ ആറു പേർ എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. ബാക്കിയുള്ളവരിൽ ഏഴു പേർ വിമതനായ ശങ്കർ സിംഗ് വഗേലക്കൊപ്പം ചേർന്നു. അവശേഷിക്കുന്ന 44 പേരിൽ രണ്ടു പേരാണ് തങ്ങളുടെ ബാലറ്റ് പേപ്പർ അമിത്ഷാക്ക് നേരെ ഉയർത്തിയത്. ഈ വോട്ട് അസാധുവായതോടെ പട്ടേലിന്റെ വിജയലക്ഷ്യം ചുരുക്കുകയായിരുന്നു. ഒരു പകലും രാത്രിയും മുഴുവനും നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ആശ്വാസമായി പട്ടേലിന്റെ വിജയവാർത്ത എത്തിയത്.