Sorry, you need to enable JavaScript to visit this website.

ഷഹീൻ ബാഗിലേക്ക് പിന്തുണയുമായി സിക്ക് സമൂഹം

ന്യൂദൽഹി- പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷഹീൻ ബാഗിൽ സമരം നടത്തുന്നവർക്ക് പിന്തുണയുമായി ഇന്ന് അപ്രതീക്ഷിത അതിഥികളെത്തി. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകരായിരുന്നു അവർ. വെറും പിന്തുണയും കൊണ്ടല്ല അവരെത്തിയത്. ഷഹീൻബാഗിൽ സമരക്കാർ തമ്പടിച്ച സ്ഥലത്തിനോട് ചേർന്ന് ലങ്കാർ പാകം ചെയ്ത് പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം കൂടി പ്രകടിപ്പിച്ചാണ് ഇവർ പിരിഞ്ഞുപോയത്. പഞ്ചാബിൽ ഗുരുദ്വാരകളോട് ചേർന്ന് വിതരണം ചെയ്യുന്ന പ്രത്യേക വിഭവമാണ് ലങ്കാർ. പൗരത്വഭേഗതി നിയമത്തിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് തങ്ങൾ ഇവിടെ എത്തിയതെന്ന് അവർ വ്യക്തമാക്കി. സർക്കാറിന്റെ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിനുള്ള മറുപടി കൂടിയാണ് തങ്ങളുടെ വരവ്. ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് മോഡി ശ്രമിക്കുന്നത്. കർഷകർക്ക് തൊഴിൽ നൽകാൻ മോഡിക്ക് കഴിയുന്നില്ല. അതേസമയം മുസ്‌ലിംകളെയും മറ്റുള്ളവരെയും തമ്മിലടിപ്പിക്കാനാണ് നോക്കുന്നതെന്നും പഞ്ചാബിൽനിന്നെത്തിയവർ വ്യക്തമാക്കി. ഷഹീൻ ബാഗിലേക്ക് നിരവധി പേരാണ് ദിവസവും പിന്തുണയുമായി എത്തുന്നത്. ഇവിടെ നിന്ന് സമരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ കോടതിയെ സമീപിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ സമരക്കാരെ മാറ്റരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
 

Latest News