ന്യൂദൽഹി- നിർഭയ കൂട്ടബലാത്സംഗക്കേസിലെ നാലു പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പിലാക്കാനാകില്ലെന്ന് ദൽഹി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വധശിക്ഷയ്‌ക്കെതിരെ പ്രതികൾ പ്രസിഡന്റിന് ദയാഹരജി നൽകിയിട്ടുണ്ട്. ദയാഹരജി പ്രസിഡന്റ് പരിഗണിച്ച ശേഷം 14 ദിവസം സമയം പ്രതികൾക്ക് ലഭിക്കും. ആ സമയപരിധി ജനുവരി 22ന് തീരില്ല. അതിനാൽ 22ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്നും ദൽഹി സർക്കാർ വ്യക്തമാക്കി. ദൽഹി കോടതി പുറപ്പെടുവിച്ച മരണവാറന്റിനെതിരെ പ്രതി മുകേഷ് സിംഗ് നൽകിയ ഹരജി പരിഗണിക്കവെയാണ് ദൽഹി പോലീസ് ഇക്കാര്യം അറിയിച്ചത്. ദൽഹി പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണവാറന്റ് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടാണ് പ്രതികളിലൊരാളായ മുകേഷ് സിംഗ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. ജനുവരി ഏഴിനാണ് നിർഭയകേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികളെയും ജനുവരി 22 ന് വധശിക്ഷയ്ക്ക് വിധിക്കണമെന്ന് ദൽഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടത്.