ന്യൂദല്‍ഹി- ദല്‍ഹിയിലെ സീലാംപൂര്‍ പ്രദേശത്ത് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച എഫ്ഐആറില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അബ്ദു റഹ്മാന്‍, മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ മതീന്‍ അഹമ്മദ് എന്നിവരെ ഉള്‍പ്പെടുത്തി. ഇവര്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചുവെന്നാണ് ദല്‍ഹി പോലീസ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ ആരോപിക്കുന്നത്.
സീലാംപൂര്‍ ടി-പോയിന്റില്‍ (ട്രൈ ജംഗ്ഷന്‍) തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലും പെട്രോള്‍ കുപ്പികളും എറിഞ്ഞിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ അനിയന്ത്രിതമായ ജനക്കൂട്ടം ജാഫറാബാദ് പോലീസ് സ്റ്റേഷനിലേക്ക് നീങ്ങി. ആം ആദ്മി നേതാവ് അബ്ദുറഹ്മാന്‍ പ്രകോപിപ്പിച്ചതിനെ തുടര്‍ന്നാണ് സമീപത്തെ തെരുവുകളില്‍ നിന്നുള്ള ആളുകള്‍ ജനക്കൂട്ടത്തില്‍ ചേര്‍ന്നതെന്ന് ഹിന്ദിയിലുള്ള എഫ്‌ഐആറില്‍ പറയുന്നു.
മുന്‍ സീലാംപൂര്‍ എം.എല്‍.എ മതീന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന ബൈക്ക് റാലിയില്‍ പങ്കെടുത്തവരും കലാപത്തില്‍ പങ്കുചേര്‍ന്നതായി എഫ്‌ഐആറില്‍ ആരോപിക്കുന്നു.