ന്യൂദല്‍ഹി- നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ അടുത്തയാഴ്ച തൂക്കിലേറ്റാനിരിക്കുന്ന നാല് പ്രതികള്‍ തിഹാര്‍ ജയിലില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ വേതനമായി നേടിയത് 1,37,000 രൂപ.
നാല് തടവുകാരും 23 തവണ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.
അക്ഷയ് താക്കൂര്‍ സിംഗ്, മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികളെയാണ് 2012 ല്‍ നടന്ന ബലാത്സംഗ, കൊലക്കെസില്‍ ഈ മാസം 22-ന് രാവിലെ ഏഴ് മണിക്ക് തൂക്കിലേറ്റുന്നത്.
ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് വിനയ് ശര്‍മയെ 11 തവണ ശിക്ഷിച്ചിരുന്നു. അക്ഷയിന് ഒരു തവണയാണ് ശിക്ഷ ലഭിച്ചത്. മുകേഷ് മൂന്ന് തവണയും പവന്‍ ഗുപ്ത എട്ട് തവണയും ജയില്‍നിമയങ്ങള്‍ ലംഘിച്ചു.
ഏഴ് വര്‍ഷത്തിനിടെ മുകേഷ് ജയിലില്‍ ജോലി ചെയ്തിരുന്നില്ല. അക്ഷയ് 69000 രൂപയും പവന്‍ ഗുപ്ത 29000 രൂപയും വിനയ് ശര്‍മ 39,000 രൂപയും ജയിലില്‍നിന്ന് വേതനം നേടി.
മുകേഷ്, പവന്‍ ഗുപ്ത, അക്ഷയ് എന്നിവര്‍ 2016 ല്‍ പത്താം ക്ലാസില്‍ ചേര്‍ന്ന് പരീക്ഷ എഴുതിയിരുന്നുവെങ്കിലും പാസായിരുന്നില്ല. 2015 ല്‍ വിനയ് ബിരുദത്തിന് പ്രവേശനം നേടിയെങ്കിലും പൂര്‍ത്തിയാക്കിയില്ല.
വിനയിന്റെ പിതാവ് കഴിഞ്ഞ ദിവസം മകനെ ജയിലില്‍ സന്ദര്‍ശിച്ചു. തൂക്കിലേറ്റുന്നതിനു മുമ്പ് രണ്ട് തവണ കുടുംബാംഗങ്ങള്‍ക്ക് പ്രതികളെ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്.