Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ ഹരജി നല്‍കി

ന്യൂദല്‍ഹി- പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ ഹരജി നല്‍കി. നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ 132-ാം അനുച്ഛേദ പ്രകാരമുള്ള സൂട്ട് ഹരജിയാണ് കേരളം  നല്‍കിയിരിക്കുന്നത്. വിവാദ നിയമത്തിനെതിരെ ഹരജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിര്‍ണായക നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.


ഈ മാസം 23ന് പൗരത്വ ഭേദഗതിക്കെതിരായ ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനം ഹര്‍ജി ഫയല്‍ ചെയ്തത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി പ്രകാശ് മുഖേനെയാണ് ഹരജി നല്‍കിയത്.

ഭരണഘടനനയുടെ 14-ാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് പാര്‍ലമെന്റ് പാസാക്കിയ നിയമമെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. നിയമത്തില്‍ മുസ്ലിം വിവേചനമുണ്ടെന്നും ഹരജിയില്‍ പറയുന്നു.

വ്യക്തികള്‍, സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച അറുപതോളം ഹരജികളാണ് വിവാദ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളത്.

 

Latest News