അഹമ്മദാബാദ്- ഗുജറാത്ത് നിയമസഭയിൽനിന്ന് രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രണ്ട് അംഗങ്ങളുടെ വോട്ട് അസാധുവാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പർ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷാക്ക് നേരെ ഉയർത്തിക്കാണിച്ച രണ്ടു പേരുടെ വോട്ടാണ് അസാധുവാക്കിയത്. ഇതോടെ അഹമ്മദ് പട്ടേലിന് തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യതയേറി. ഇതോടെ പട്ടേലിന് ജയിക്കാൻ 42 വോട്ടുകൾ ലഭിച്ചാൽ മതി. നേരത്തെ 45 വോട്ടുകൾ വേണ്ടിയിരുന്നു പട്ടേലിന് ജയിക്കാൻ.
ബി.ജെ.പിയും കോൺഗ്രസും അഭിമാന പോരാട്ടമായാണ് ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിനെ കാണുന്നത്. മൂന്ന് സീറ്റുകളിലും വിജയമുറപ്പിക്കാനുള്ള അവസാന തന്ത്രവും പയറ്റിയാണ് ബി.ജെ.പി അംഗങ്ങൾ വോട്ടിംഗിനെത്തിയത്. എൻ.സി.പി അടക്കം ചെറുകക്ഷികളുടെ പിന്തുണയോടെ തങ്ങളുടെ സ്ഥാനാർഥി അഹ്മദ് പട്ടേലിനെ വിജയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ്.
ഈയിടെ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തിയ ബൽവന്ത് സിംഗ് രാജ്പുത്തിന്
പുറമെ പാർട്ടി അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവരാണ് ബി.ജെ.പി സ്ഥാനാർഥികൾ. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹ്മദ് പട്ടേലിനെ ഏതു വിധേനയും തോൽപ്പിച്ച് കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസുകാരനായിരുന്ന രാജ്പുത്തിനെ തന്നെ അമിത് ഷാ സ്ഥാനാർഥിയാക്കിയത്. ഇതുവഴി കൂടുതൽ എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കാനാവുമെന്നും അമിത് ഷാ കണക്കുകൂട്ടിയിരുന്നു.
പ്രതിപക്ഷ നേതാവായിരുന്ന ശങ്കർ സിംഗ് വഗേല കോൺഗ്രസ് വിടുകയും, ആറ് കോൺഗ്രസ് എം.എൽ.എമാർ കൂറുമാറി ബി.ജെ.പിയിൽ ചേർന്നതോടെ ഇതിനുള്ള സാഹചര്യം ഒത്തുവന്നതാണ്. അപ്പോഴാണ് അവശേഷിക്കുന്ന 44 എം.എൽ.എമാരെയും കോൺഗ്രസ് കർണാടകയിലേക്ക് കൊണ്ടുപോയി ബംഗളൂരുവിലെ റിസോർട്ടിൽ ദിവസങ്ങളോളം പാർപ്പിച്ചത്. ഇന്നലെ ഇവരെ ഗുജറാത്തിൽ തിരിച്ചെത്തിച്ചെങ്കിലും ആനന്ദിലെ ഒരു ഗസ്റ്റ് ഹൗസിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. രാവിലെ പ്രത്യേക ബസിലാണ് ഇവരെ നിയമസഭയിൽ എത്തിച്ചത്. ഇവരിൽനിന്ന് രണ്ടു എം.എൽ.എമാർ ബി.ജെ.പി പാളയത്തിലേക്ക് പോകുകയായിരുന്നു.