Sorry, you need to enable JavaScript to visit this website.

വിവേചനം നേരിടാത്ത നാട്ടിലേക്ക് നാടുകടത്തി തരൂ,അല്ലെങ്കില്‍ രാഷ്ട്രപതിഭവന് മുമ്പില്‍ ആത്മഹത്യ: രാഷ്ട്രപതിക്ക് ഉന യുവാവിന്റെ കത്ത്‌


ന്യൂദല്‍ഹി- വിവേചനം നേരിടാത്ത ഒരു രാജ്യത്തേക്ക് പൗരത്വം റദ്ദാക്കി നാടുകടത്തി തരണമെന്ന് ഉന സംഭവത്തിലെ ദളിത് യുവാവ്. തന്നെയും സഹോദരന്മാരെയും വിവേചനം നേരിടാത്ത ഒരു രാജ്യത്തേക്ക് നാടുകടത്തണമെന്നാണ് ഉനയില്‍ അതിക്രമങ്ങള്‍ക്ക് ഇരയായ ദളിത് യുവാക്കളില്‍ ഒരാളായ വശ്രം സര്‍വ്വയ്യ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.തങ്ങളെ ഇന്ത്യന്‍ പൗരന്മാരായി കാണാന്‍ ആരും തയ്യാറല്ല. ആ വിധത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെരുമാറുന്നത്. പൗരത്വം റദ്ദ് ചെയ്ത് തന്നെയും സഹോദരങ്ങളെയും ഒന്നു നാടുകടത്തി തരണമെന്നും അല്ലാത്തപക്ഷം രാഷ്ട്രപതി ഭവന് മുമ്പില്‍ ആത്മഹത്യ ചെയ്യുമെന്നും യുവാവ് പറഞ്ഞു.

2016 ജൂലൈ 11നായിരുന്നു രാജ്യത്തെ ദളിത് രാഷ്ട്രീയത്തെ ആകെ മാറ്റിമറിച്ച ഉന ക്രൂരത അരങ്ങേറിയത്. ഉന നഗരത്തില്‍ ചത്ത പശുവിന്റെ തോല്‍ ഉരിച്ചെടുത്തതിന് സവര്‍ണ വിഭാഗത്തിലുള്ള നാല്‍പതോളം പേര്‍ ചേര്‍ന്ന് ഏഴ് ദളിത് യുവാക്കളെ കെട്ടിയിട്ട് ചാട്ടവാറിന് അടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഗുജറാത്തില്‍ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ വന്‍ ദളിത് മഹാറാലിയാണ് നടന്നത്. ക്രൂരതയ്ക്ക് വിധേയരായവര്‍ക്ക് അഞ്ച് ഏകര്‍ ഭൂമി അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.എന്നാല്‍ വര്‍ഷം മൂന്ന് പിന്നിടുമ്പോഴും തങ്ങള്‍ വിവേചനം നേരിടാത്ത ഒരു രാജ്യത്തേക്ക് നാടുകടത്തണമെന്നാണ് രാഷ്ട്രപതി  രാംനാഥ് കോവിന്ദിനോട് ഇവര്‍ ആവശ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ജനുവരി ഏഴിന് ഉനയുടെ ഗിര്‍ -സോംനാഥ് ജില്ലാ കളക്ടറേറ്റ് ഓഫീസിലെ കോര്‍ഡിനേറ്റീവ് യൂനിറ്റിനാണ് വശ്രം സര്‍വ്വയ്യ അപേക്ഷ കൈമാറിയത്.

'ഉന സംഭവം തങ്ങളുടെ മൗലിക അവകാശങ്ങളും പരമ്പരാഗത തൊഴിലും നഷ്ടപ്പെടുത്തി.ഇപ്പോള്‍ തങ്ങള്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്ന വിധത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. തങ്ങളെ പൗരന്മാരായി കാണാന്‍ കഴിയുന്നില്ലെങ്കില്‍ പൗരത്വം റദ്ദ് ചെയ്ത് വിവേചനം നേരിടാത്ത രാജ്യത്തേക്ക് നാടുകടത്തണമെന്നും അദേഹം ആവശ്യപ്പെട്ടു. നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്നും യുവാവ് പറഞ്ഞു. അതേസമയം അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ രാഷ്ട്രപതിക്ക് സാധിച്ചില്ലെങ്കില്‍ ദയാവധത്തിനുള്ള അനുമതിയെങ്കിലും തനിക്കും സഹോദരങ്ങള്‍ക്കും അനുവദിക്കണമെന്നും അല്ലാത്തപക്ഷം രാഷ്ട്രപതി ഭവന് മുമ്പില്‍ ആത്മഹത്യ ചെയ്യുമെന്നും വശ്രം സര്‍വ്വയ്യയുടെ  അപേക്ഷയില്‍ പറയുന്നു.
 

Latest News