ന്യൂദല്‍ഹി-സംസ്ഥാനങ്ങളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിമാര്‍ ഉടന്‍ തന്നെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ദല്‍ഹിയില്‍ ചേര്‍ന്ന 20 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ആവശ്യപ്പെട്ടു.
പൗരത്വ പട്ടികയുടെ അടിസ്ഥാന നടപടിയാണ് ജനസംഖ്യാ രജിസ്റ്റര്‍.
പശ്ചിമ ബംഗാളും കേരളവും എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ പാസാക്കിയ പുതിയ പ്രമേയം ബി.ജെ.പി സംഖ്യകക്ഷി മുഖ്യമന്ത്രിമാരായ നിതീഷ് കുമാര്‍, നവീന്‍ പട്‌നായിക്ക്, വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഢി തുടങ്ങിയവര്‍ക്ക് വെല്ലുവിളിയാണ്.
പൗരത്വ നിയമ ഭേദഗതിക്കും എന്‍.ആര്‍.സിക്കുമെതിരായ പ്രക്ഷോഭത്തില്‍ ബി.ജെ.പിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും തുല്യ അകലം പാലിക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രിമാരാണ് ഇവര്‍. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിന് അടിത്തറയൊരുക്കുന്ന ജനസംഖ്യാ രജിസ്റ്റര്‍ പൂര്‍ണതോതില്‍ ആരംഭിച്ചിട്ടില്ല.