ന്യൂദല്‍ഹി- പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ദല്‍ഹിയില്‍. ഉച്ചകഴിഞ്ഞ് മൂന്ന്
മണിക്ക് പാര്‍ലമെന്റിലാണ് യോഗം.സോണിയ ഗാന്ധിയുടെ വസതിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം പിന്നീട് പാര്‍ലമെന്റിലേക്ക് മാറ്റുകയായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. സംയുക്ത പ്രക്ഷോഭത്തിനില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി അറിയിച്ചിട്ടുണ്ട്.
ഇടതു പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും ഇരട്ട നിലപാട് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന്് നിയമസഭയില്‍ മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടതു-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അഴിച്ചുവിട്ട അക്രമം ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പ്രസ്താവന.
സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഡിഎംകെയും ഇടതു പാര്‍ട്ടികളും പങ്കെടുക്കും. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം സജീവമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.