Sorry, you need to enable JavaScript to visit this website.

ദേശ സ്‌നേഹത്തിന്റെ ആരവം മുഴക്കി  മുസ്‌ലിം ലീഗ് ദേശ് രക്ഷാ മതിൽ നിർമിച്ചു

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അങ്ങാടിപ്പുറത്തുനിന്ന് തിരൂരങ്ങാടിയിലെ മമ്പുറത്തു വരെ നടത്തിയ ദേശ് രക്ഷാ മതിലിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയ നേതാക്കൾ മലപ്പുറം ടൗണിൽ കണ്ണി ചേർന്നപ്പോൾ.

മലപ്പുറം- മതേതര ഇന്ത്യയുടെ അഭിമാനകരമായ അസ്തിത്വത്തെ സംരക്ഷിക്കാൻ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യ മതിൽ പോരാട്ടങ്ങളുടെ മണ്ണിൽ ദേശ രക്ഷയുടെ ഉരുക്കു കോട്ടതീർത്തു. സമര സജ്ജരായി പതിനായിരങ്ങളാണ് പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തു നിന്ന് തിരൂരങ്ങാടിയിലെ മമ്പുറത്തു സമാപിച്ച ദേശ് രക്ഷാ മതിലിൽ സംഗമിച്ചത്. രാഷ്ട്രീയ, കക്ഷി, മത, ഭേദമന്യേ പൊതുസമൂഹം മതിലിൽ കണ്ണികളായി. അങ്ങാടിപ്പുറത്ത് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആദ്യ കണ്ണിയായി. മലപ്പുറത്ത് സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും കണ്ണി ചേർന്നു. അവസാന കേന്ദ്രമായ തിരൂരങ്ങാടി ഉൾപ്പെടെ പല കേന്ദ്രങ്ങളിലും മതിലിൽ പങ്കുചേരാനെത്തിയ ജനത്തെ ഉൾക്കൊള്ളാനാവാതെ പ്രദേശം വീർപ്പുമുട്ടി. പിറന്ന നാടിന്റെ രക്ഷക്കു വേണ്ടി രാജ്യത്തുയർന്നു വരുന്ന പ്രതിഷേധങ്ങളിൽ ഒറ്റക്കെട്ടായ മുന്നേറ്റമാണ് വേണ്ടതെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ദേശ് രക്ഷാ മതിൽ സമാപിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
രാജ്യം അതിന്റെ അപത്കരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ സമയത്ത് കൊടിയുടെ നിറം നോക്കി പ്രതിഷേധത്തിൽ അണി ചേരുന്നതിൽ അർഥമില്ല. വർഗീയതക്കെതിരെ ഒട്ടക്കെട്ടായ പ്രതിഷേധമാണുയരേണ്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പരിപാടികൾ ആര് സംഘടിപ്പിച്ചാലും പങ്കെടുക്കുന്നതിൽ എതിർക്കേണ്ട ആവശ്യമില്ല. ഈ വിഷയം സമുദായിക സംഘടന നേതാക്കളെയും അറിയിച്ചിട്ടുണ്ട്. ഭരണഘടനയെ തകിടം മറിക്കാൻ പുറപ്പെട്ടവർക്കെതിരെയുള്ള പ്രതിഷേധമാണ് ദേശ് രക്ഷാ മതിൽ. ജാതി, മത, ഭേദമന്യേ പൊതു സമൂഹം അണിനിരന്ന ഈ മനുഷ്യ മതിൽ ഭരണകൂടത്തിനെതിരെയുള്ള താക്കീതാണെന്നും തങ്ങൾ കൂട്ടി പറഞ്ഞു.
ദേശ് രക്ഷാ മതിലിൽ അണിചേരാൻ ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നു മുതൽ തന്നെ പ്രവർത്തകർ നിശ്ചയിച്ച കേന്ദ്രങ്ങളിലെത്തിയിരുന്നു. നാല് മണിയോടെ ഓരോരുത്തരും മതിലിൽ കണ്ണി ചേർന്നു. 4.45 ന് അമ്പതു കിലോമീറ്ററോളം നീണ്ട ദേശ് രക്ഷാ മതിൽ തീർത്തു. ദേശഭക്തി ഗാനവും ദേശരക്ഷാ മുദ്രാവാക്യങ്ങളും ദേശീയഗാനവും പ്രതിജ്ഞയും കഴിഞ്ഞ് 11 കേന്ദ്രങ്ങളിൽ ദേശ് രക്ഷാ സദസ്സുകളും അരങ്ങേറി. അങ്ങാടിപ്പുറം, തിരൂർക്കാട്, രാമപുരം, മക്കരപറമ്പ്, കൂട്ടിലങ്ങാടി, മലപ്പുറം കുന്നുമ്മൽ, മലപ്പുറം കോട്ടപ്പടി, കാരാതോട്, വേങ്ങര, കക്കാട്, തിരൂരങ്ങാടി, 
മമ്പുറം പാലം ജംഗ്ഷൻ എന്നീ പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ദേശ് രക്ഷാ സമര സദസ്സുകൾ നടന്നത്. പലയിടങ്ങളിലും അംഗങ്ങളെ ഉൾക്കൊള്ളാനാവാതെ കുഴങ്ങി. നവ വധൂവരൻമാർ മുതൽ പ്രത്യേക പരിഗണന അർഹിക്കുന്ന അംഗപരിമിതർ വരെ മതിലിൽ കണ്ണിയാകാനെത്തി. സ്ത്രീകളും കുട്ടികളും അടക്കം പ്രതിഷേധത്തിന്റെ വൻ മതിൽ തന്നെയാണ് മലപ്പുറത്ത് തീർത്തത്.  
അങ്ങാടിപ്പുറത്ത് ആദ്യ കണ്ണിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മതിലിൽ അണി നിരന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദും അങ്ങാടിപ്പുറത്താണ് പങ്കെടുത്തത്. ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശും പങ്കെടുത്തു.
മലപ്പുറത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടിയും അണിചേർന്നു. സമസ്ത നേതാവ് ഡോ. ബഹാഉദ്ദീൻ നദ്‌വി, അബ്ദുസമദ് സമദാനി എം.പി എന്നിവർ മതിലിന്റെ അവസാനകേന്ദ്രത്തിൽ പങ്കെടുത്തു. മലപ്പുറത്ത് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. ഹാറൂൺ റഷീദ് ഭരണഘടന ആമുഖം വായിച്ചു. എ.പി.അനിൽകുമാർ എം.എൽ.എ, പി.ഉബൈദുള്ള എം.എൽ.എ, ഇസ്്മാഈൽ മൂത്തേടം, കെ.എ.റഹ്്മാൻ ഫൈസി, ടി.പി.അഷ്‌റഫലി, ഷാഹിദ നിയാസി, അഷ്‌റഫ് ബാഖവി, സയ്യിദ് അബ്ദുൽ ഖയൂം ശിഹാബ് തങ്ങൾ, കബീർ മുതുപറമ്പ്, വി.മുസ്തഫ, പി.എ.സലാം പ്രസംഗിച്ചു.


    
 

Latest News