Sorry, you need to enable JavaScript to visit this website.

ഇന്ത്യ താലിബാന്‍ സ്‌റ്റൈലില്‍  ഭരിക്കാനാവില്ലെന്ന് ശിവസേന

മുംബൈ- ജെഎന്‍യുവില്‍ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയ ദീപികയ്‌ക്കെതിരെ ആക്രമണങ്ങളെ തള്ളി ശിവസേന. ജെഎന്‍യുവിലെ ഐക്യദാര്‍ഢ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് ശിവസേന മുഖപത്രമായ സാമ്‌നയിലെ ലേഖനം പറയുന്നു. ദീപികയുടെ പുതിയ ചിത്രമായ ഛപ്പാക്കിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളെ സഞ്ജയ് റാവത്ത് തള്ളി. ദീപികയെ നേരത്തെ നിരവധി പേര്‍ ഇക്കാര്യത്തില്‍ പിന്തുണച്ചിരുന്നു. താലിബാന്‍ സ്‌റ്റൈലില്‍ രാജ്യത്തെ ഭരിക്കാനാവില്ലെന്ന മുന്നറിയിപ്പും റാവത്ത് നല്‍കി. ഒരു നടിയുടെ ചിത്രത്തെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം തീര്‍ത്തും തെറ്റാണ്. ഇന്ത്യ ഒരിക്കലും താലിബാന്‍ സ്‌റ്റൈലില്‍ പ്രവര്‍ത്തിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ് സര്‍ക്കാരുകള്‍ ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ മധ്യപ്രദേശ് സര്‍ക്കാര്‍ ദീപികയെ ചലച്ചിത്രോത്സവത്തില്‍ ആദരിക്കാനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ബോളിവുഡ് നടന്‍ വരുണ്‍ ധവാനും ദീപികയെയും അവരുടെ ചിത്രത്തെയും പിന്തുണച്ചിരുന്നു. ബോയ്‌ക്കോട്ട് ചെയ്യാനുള്ള ആഹ്വാനം ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുന്‍ ആര്‍ബിഐ രഘുറാം രാജനും ദീപികയെ പ്രശംസിച്ചിരുന്നു. സ്വന്തം സിനിമ റിലീസ് ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞിട്ടും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ കാണാനുള്ള ദീപികയുടെ തീരുമാനം എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണെന്നും രഘുറാം രാജന്‍ പറഞ്ഞു. സര്‍ക്കാരോ പോലീസോ കാര്യമായി ഇടപെട്ടിട്ടില്ലെന്നും രഘുറാം രാജന്‍ ആരോപിച്ചു. ഇതെല്ലാം അതിജാഗ്രതയുള്ള തലസ്ഥാന നഗരിയിലാണ് നടക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ എതിര്‍ക്കുന്നവരുടെ ശബ്ദം സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ നോക്കുന്നതാണെന്നും രാജന്‍ പറഞ്ഞു.


 

Latest News