ഒരുമാസമായി തിളച്ചുമറിയുന്ന പോരാട്ടച്ചൂടിൽ തന്നെയാണ് ദൽഹി ജാമിയ മില്ലിയക്ക് സമീപത്തെ ഷഹീൻ ബാഗ് ഇപ്പോഴും. പൗരത്വനിയമത്തിനെതിരായ സമരത്തിന്റെ തുടക്കം മുതൽ ഷഹീൻ ബാഗ് സമരച്ചൂളയിലാണ്. പൗരത്വ നിയമത്തിനും നിർദിഷ്ട പൗരത്വ രജിസ്റ്ററിനുമെതിരെ നടക്കുന്ന സമാധാന സമരം ഇന്നലെ പുതിയ രൂപഭാവങ്ങളാർജിച്ചു. 'സർവ ധർമ്മ സംഭവി'ൽ പങ്കെടുക്കാൻ വിവിധ മതവിഭാഗക്കാർ ഇന്നലെ ഒത്തുകൂടിയത് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടിയായി.
കോൺഗ്രസ് നേതാവ് ശശി തരൂർ അടക്കമുള്ളവർ ഷഹീൻ ബാഗിലെത്തി പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്നലെ അരുന്ധതീ റോയ് അടക്കമുള്ളവർ എത്തിയിരുന്നു.
പരമ്പരാഗത ഹിന്ദു ശൈലിയിലുള്ള 'ഹവാൻ', സിഖ് കീർത്തനങ്ങൾ, ഖുർആൻ പാരായണം. തുടർന്ന് ഭരണഘടനയുടെ ആമുഖം വായിക്കുകയും അതിന്റെ സോഷ്യലിസ്റ്റ്, മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഗീത, ബൈബിൾ, ഖുറാൻ എന്നിവയിൽനിന്നുള്ള വിശുദ്ധ വചനങ്ങളും പ്രക്ഷോഭകർ വായിച്ചു. സമര പ്രസ്ഥാനത്തെ പിന്തുണക്കുന്ന വിവിധ മതവിശ്വാസികളായ ആളുകൾ ഭരണഘടനയുടെ ആമുഖം വായിച്ചതായി സംഘാടകരിലൊരാളായ സയ്യിദ് തസീർ അഹമ്മദ് പറഞ്ഞു.
ജനക്കൂട്ടം ഉച്ചയോടെ ആയിരങ്ങളായി വർധിച്ചു. ഞായറാഴ്ചയായതും നല്ല കാലാവസ്ഥയും കൂടുതൽ ആളുകളെ പ്രതിഷേധ വേദിയിലെത്തിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരായ ഇന്ത്യയുടെ സ്വാതന്ത്ര്യസമര വേളയിൽ വ്യത്യസ്ത മതവിഭാഗങ്ങളെ കൂട്ടിയിണക്കാൻ മഹാത്മാഗാന്ധി സംഘടിപ്പിച്ചിരുന്നതാണ് സർവ ധർമ സംഭവ്. എല്ലാ മതങ്ങളോടും തുല്യ ബഹുമാനം, അല്ലെങ്കിൽ എല്ലാ മതങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വം എന്ന ആശയമാണ് ഇതിലടങ്ങിയിരിക്കുന്നത്.
നൂറുകണക്കിന് പ്രതിഷേധക്കാർ ഷഹീൻ ബാഗിലെ സരിത വിഹാർകാളിന്ദി കുഞ്ച് റോഡിൽ ഞായറാഴ്ച താമസിക്കും. ഇന്ന് സമരത്തിന് ഒരു മാസം പൂർത്തിയാകുകയാണ്.
സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടപ്പെട്ട ആളുകളുടെ പേരുകൾ രേഖപ്പെടുത്തി ഇന്ത്യാ ഗേറ്റിന്റെ ഒരു പകർപ്പ് പ്രതിഷേധ സ്ഥലത്തിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. അസം, കർണാടക, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമരത്തിനിടെ കൊല്ലപ്പെട്ടവരുടെ പേരുകളാണിവ. കൂടുതലും യു.പിയിലാണ്.
ഡിസംബർ 11 ന് നിയമം പാസാക്കിയതുമുതൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം തുടരുകയാണ്. ഉത്തർപ്രദേശ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇത് ഏറ്റുമുട്ടലിന് കാരണമായി. ഇരുപതോളം പേരാണ് മരിച്ചത്.