ന്യൂദൽഹി- ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രവർത്തനം ശക്തമാക്കിയതോടെ പ്രിയങ്കപ്പേടിയിൽ യു.പി മുൻ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി. പ്രിയങ്കക്ക് സംസ്ഥാനത്ത് വർധിച്ചുവരുന്ന സ്വാധീനം മായാവതിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നാണ്് വിലയിരുത്തൽ. മായാവതി ഏറ്റവുമൊടുവിൽ നടത്തിയ രണ്ട് പ്രസ്താവനകളും പ്രിയങ്കക്ക് നേരെയായിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബങ്ങളെയും സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി അടിക്കടി യു.പിയിൽ എത്തുന്നുണ്ട്. കഴിഞ്ഞദിവസവും പ്രിയങ്ക ഗാന്ധി വരാണസിയിലെത്തി. ഇതോടെ ഇന്ന് വീണ്ടും മായാവതി കടുത്ത വിമർശനവമായി പ്രിയങ്കക്ക് എതിരെ രംഗത്തെത്തി. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കോട്ട ആശുപത്രിയിൽ 110 ഓളം ശിശു മരണം സംഭവിച്ചിട്ടും ആശുപത്രി സന്ദർശിക്കാൻ തയ്യാറാവാത്ത പ്രിയങ്കാ ഗാന്ധിയുടെ നടപടി ശരിയല്ലെന്നും പ്രിയങ്ക യു.പിയിൽ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും മായാവതി ആരോപിച്ചു. കോൺഗ്രസിനെപ്പോലെയും ബി.ജെ.പിയെപ്പോലെയും ഏതെങ്കിലും ഒരു വിഷയത്തിൽ ബി.എസ്.പി ഇരട്ടത്താപ്പെടുത്ത് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാറില്ലെന്നും ഈ ഇരട്ടത്താപ്പ് കാരണമാണ് അക്രമവും അരാജകത്വവും രാജ്യത്തുടനീളം നിലനിൽക്കുന്നതെന്നും മായാവതി പറഞ്ഞു.
കോട്ടയിലെ സർക്കാർ ആശുപത്രിയിൽ നിരപരാധികളായ കുട്ടികൾ മരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഒരു കോൺഗ്രസ് നേതാവ് ഉത്തർപ്രദേശ് സന്ദർശിച്ച് മുതല കണ്ണുനീർ ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അവർ ഇതുവരെ കോട്ട ആശുപത്രി സന്ദർശിക്കാനോ മരണമടഞ്ഞ കുട്ടികളുടെ അമ്മമാരുടെ കണ്ണുനീർ തുടയ്ക്കാനോ തയ്യാറായില്ല. അവരും ഒരു അമ്മയായിരിക്കെ ഇത്തരത്തിൽ പെരുമാറുന്നത് നിർഭാഗ്യകരമാണെന്നും മായാവതി ട്വീറ്റിൽ പറഞ്ഞു.
നേരത്തെയും മായാവതി ഇതേ വിഷയത്തിൽ പ്രിയങ്കയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. യു.പി സന്ദർശിക്കുന്നതുപോലെ സ്വന്തം പാർട്ടി ഭരിക്കുന്ന രാജസ്ഥാനിൽ പ്രിയങ്ക ഇടക്കിടെ ചെന്നിരുന്നെങ്കിൽ നന്നായിരുന്നേനെയെന്നായിരുന്നു മായാവതി പറഞ്ഞത്.
കോട്ട ആശുപത്രിയിൽ മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബത്തെ പ്രിയങ്ക സന്ദർശിക്കാൻ തയ്യാറായില്ലെങ്കിൽ ഉത്തർപ്രദേശിൽ സി.എ.എക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഇരയായവരോട് പ്രിയങ്ക കാണിക്കുന്ന സമീപനം രാഷ്ട്രീയ അവസരവാദമായി മാത്രമേ കണക്കാക്കാൻ സാധിക്കുകയുള്ളൂവെന്നായിരുന്നു മായാവതി ആരോപിച്ചത്.
അതേസമയം, ചന്ദ്രശേഖർ ആസാദിനെ കൂടി ഒപ്പം കൂട്ടി യു.പിയിൽ ബി.ജെ.പിക്കും എസ്.പിക്കും ബി.എസ്.പിക്കുമെതിരെ കടുത്ത പോരാട്ടം കാഴ്ചവെക്കാൻ തന്നെയാണ് പ്രിയങ്കയുടെ തീരുമാനം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യു.പിയിൽ പ്രവർത്തിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ഭീഷണി ഏറ്റവും കൂടുതൽ ഏൽക്കേണ്ടി വരിക മായാവതിക്ക് തന്നെയായിരിക്കും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മായാവതിയാണ് യു.പിയിൽ കോൺഗ്രസിനെ കൂടെക്കൂട്ടാതിരിക്കാൻ കാര്യമായി ശ്രമിച്ചത്. ബി.എസ്.പിയും സമാജ് വാദി പാർട്ടിയും ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ് സഖ്യത്തിൽ കോൺഗ്രസിനെ പരിഗണിച്ചിരുന്നില്ല. ഇതിന് പുറമെ, രാഹുൽ ഗാന്ധിയെ അമേത്തിയിൽ പരാജയപ്പെടുത്താനുള്ള കളികൾക്കും മായാവതിയായിരുന്നു നേതൃത്വം നൽകിയത് എന്ന ആരോപണം കോൺഗ്രസ് തന്നെ ഉന്നയിക്കുന്നു. ബി.ജെ.പി ഇതരകക്ഷികൾ ഭൂരിപക്ഷം നേടുമെന്നും കോൺഗ്രസിന്റെ കൂടി പിന്തുണയോടെ പ്രധാനമന്ത്രിയാകാമെന്നുമായിരുന്നു മായാവതിയുടെ കണക്കുകൂട്ടൽ. കോൺഗ്രസിന് പരമാവധി സീറ്റുകൾ കുറയ്ക്കുകയും രാഹുൽ ഗാന്ധിയെ തോൽപ്പിക്കുകയുമായിരുന്നു മായാവതി ലക്ഷ്യമിട്ടത്. എ്ന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മായാവതിയുടെ സ്വപ്‌നങ്ങളും തകർന്നു. ഇതിനിടയിലാണ് രണ്ടു വർഷത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പി ലക്ഷ്യമിട്ട് പ്രിയങ്ക നീക്കം ശക്തമാക്കിയത്. മായാവതിക്കു്ള്ള മുസ്്‌ലിം-ദലിത് വോ്ട്ട് ബാങ്കിലാണ് പ്രിയങ്കയുടെ നോട്ടം.