ന്യൂദൽഹി- ജമ്മു കശ്മീരിനുള്ള പ്രത്യേക അവകാശം എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണക്കുകയാണെങ്കിൽ ഇന്ത്യയിലേക്ക് സുരക്ഷിതമായി വരാനുള്ള സഹചര്യം ഒരുക്കാമെന്ന് തനിക്ക് വാഗ്ദാനമുണ്ടായിരുന്നതായി ഡോ. സാക്കിർ നായിക്. ഇടനിലക്കാരൻ വഴിയാണ് കേന്ദ്ര സർക്കാർ തന്നെ സമീപിച്ചതെന്നും സാക്കിർ നായിക് വ്യക്തമാക്കി. കഴിഞ്ഞ സെപ്തംബറിലായിരുന്നു വാഗ്ദാനമെന്നും സാക്കിർ നായിക് പറയുന്നു. 2016 മുതൽ മലേഷ്യയിലാണ് സാക്കിർ നായിക് താമസിക്കുന്നത്.
അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക പ്രബോധകൻ യാസിർ ഖാദിയാണ് സാക്കിർ നായിക് ഇക്കാര്യം പറയുന്നതിന്റെ വീഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒൻപതിനാണ് സാക്കിർ നായികിനെ യാസിർ ഖാദി സന്ദർശിച്ചത്.
ബി.ജെ.പി സർക്കാർ സാക്കിർ നായിക്കിന്റെ അടുത്തേക്ക് ദൂതനെ അയച്ചുവെന്നും കശ്മീരിൽ കേന്ദ്രം സ്വീകരിച്ച നടപടിയെ പിന്തുണച്ചാൽ അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരാമെന്നും മുഴുവൻ കേസുകളും പിൻവലിച്ച് കണ്ടുകെട്ടിയ സ്വത്തുക്കൾ തിരിച്ചുകൊടുക്കാമെന്നുമായിരുന്നു വാഗ്ദാനം. പ്രധാനമന്ത്രി മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേരിട്ടുള്ള ആവശ്യപ്രകാരമായിരുന്നു ദൂതൻ എത്തിയത്. മുസ്്‌ലിം രാജ്യങ്ങളുമായി ഇന്ത്യക്ക് കൂടുതൽ മികച്ച ബന്ധമുണ്ടാക്കാനുള്ള സഹായവും ദൂതൻ തേടിയിരുന്നു.കഴിഞ്ഞ മൂന്നരവർഷമായി ബി.ജെ.പി സർക്കാർ തന്നെ വേട്ടയാടുകയായിരുന്നു. പ്രധാനമന്ത്രി മോഡ തെരഞ്ഞെടുപ്പ് യോഗത്തിൽ ഒൻപത് വട്ടം എന്റെ പേര് ഉപയോഗിച്ചിരുന്നു.
എന്നാൽ കശ്മീരിനുള്ള പ്രത്യേകപരിരക്ഷ ഒഴിവാക്കിയുള്ള തീരുമാനം ഭരണഘടന വിരുദ്ധമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ദൂതനെ അറിയിച്ചതായി സാക്കിർ നായിക് വ്യക്തമാക്കുന്നു. അനീതിയോട് സഹകരിക്കാനും കശ്മീരിലെ ജനങ്ങളെ വഞ്ചിക്കാനും തയ്യാറല്ലെന്നും കേന്ദ്രത്തെ അറിയിക്കുകയായിരുന്നു.
എൻ.ഐ.എ പോലുള്ള സർക്കാർ ഏജൻസികളെ വിമർശിക്കാമെന്നും എന്നാൽ ബി.ജെ.പി സർക്കാറിനെയോ മോഡിയെയോ വിമർശിക്കരുതെന്നും ദൂതൻ ആവശ്യപ്പെട്ടിരുന്നുവെന്നും സാക്കിർ നായിക് വ്യക്തമാക്കുന്നു. പൗരത്വഭേദഗതി നിയമത്തെ ചില മുസ്്‌ലിം പണ്ഡിതർ അനുകൂലിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അവർ ബ്ലാക്ക്‌മെയിൽ ചെയ്യപ്പെട്ടിരിക്കാം എന്നായിരുന്നു സാക്കിർനായിക്കിന്റെ മറുപടി. ബി.ജെ.പി സർക്കാറിനെ പിന്തുണച്ചില്ലെങ്കിൽ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്ന ഭീതിയായിരിക്കും ഇവർക്കെന്നും സാക്കിർ നായിക്ക് വ്യക്തമാക്കുന്നു.