Sorry, you need to enable JavaScript to visit this website.

ബംഗ്ലാദേശ് ഡപ്യൂട്ടി വിദേശമന്ത്രിയും ഇന്ത്യാ സന്ദർശനം റദ്ദാക്കി

ധാക്ക- ബംഗ്ലദേശ് ഡപ്യൂട്ടി വിദേശമന്ത്രി ഷഹരിയാർ ആലവും ഇന്ത്യൻ സന്ദർശനം റദ്ദാക്കി. വിദേശ മന്ത്രാലയത്തിന്റെ വാർഷിക സമ്മേളനായ റെയ്‌സാന ഡയലോഗിൽ സംബന്ധിക്കാൻ ഈയാഴ്ച ഷഹരിയാർ ആലം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പുതിയ സഹചര്യത്തിൽ ഇന്ത്യാ സന്ദർശനം റദ്ദാക്കുന്നതായി ബംഗ്ലദേശ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ബംഗ്ലദേശ് ഇന്ത്യയുമായി ഒഴിവാക്കുന്ന മൂന്നാമത്തെ മന്ത്രിതല യോഗമാണിത്. നേരത്തെ ബംഗ്ലദേശ് ആഭ്യന്തര, വിദേശ മന്ത്രിമാരും ഇന്ത്യയുമായുള്ള യോഗം റദ്ദാക്കിയിരുന്നു. 
പൗരത്വഭേദഗതി നിയമം സംബന്ധിച്ചാണ് ഇരുരാജ്യങ്ങളും തമ്മിൽ അകൽച്ച രൂക്ഷമായത്. ബംഗ്ലദേശിൽ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് കടുത്ത പീഡനം അനുഭവിക്കുന്നുവെന്ന ഇന്ത്യൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയാണ് ബംഗ്ലദേശിനെ ചൊടിപ്പിച്ചത്. മുൻ സർക്കാറിന്റെയും പട്ടാളഭരണകാലത്തുമുള്ള പീഡനമാണ് താൻ ഉദ്ദേശിച്ചത് എന്ന് അമിത് ഷാ പിന്നീട് പറഞ്ഞെങ്കിലും ബംഗ്ലദേശ് അയഞ്ഞിട്ടില്ല. ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്ക് പീഡനം അനുഭവിക്കുന്നുവെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ബംഗ്ലദേശ് വിദേശമന്ത്രി എ.കെ അബ്ദുൽ മൂഅ്്മിൻ വ്യക്തമാക്കിയിരുന്നു.
 

Latest News