ന്യൂദൽഹി- രണ്ടുവർഷത്തിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ രാഷ്ട്രീയനീക്കം സജീവമാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്നലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിദ്യാർഥി യൂനിയൻ നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) മുഴുവൻ സീറ്റുകളും തൂത്തുവാരിയ വരാണസിയിലെ സാംപുരാന്ദ് സംസ്‌കൃത കോളേജ് ഭാരവാഹികൾക്ക് അഭിനന്ദനം അറിയിക്കാനെത്തുന്ന പ്രിയങ്ക പൗരത്വഭേദഗതിക്ക് നിയമത്തിനെതിരായ സമരത്തിനിടെ അറസ്റ്റിലായവരെയും സന്ദർശിക്കും. ഇതിന് പുറമെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയും പ്രിയങ്ക സന്ദർശിക്കുന്നുണ്ട്. പ്രധാനമന്ത്രി മോഡിയുടെ മണ്ഡലമായ വരാണസിയിൽനിന്നാണ് മോഡി തന്റെ പ്രവർത്തനം തുടങ്ങുന്നത്.
പ്രതിഷേധങ്ങളിൽ മുന്നിൽനിന്ന നയിച്ച ഏക്താ ശേഖർ സിങിനെയും ഭർത്താവ് രവി ശേഖർ സിങിനെയും പ്രിയങ്ക സന്ദർശിക്കും. ദളിത് ആക്ടിവിസറ്റ് അനൂപ് ശ്രമികിനെയും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി ദീപകിനെയും പ്രിയങ്ക സന്ദർശിക്കും. നേരത്തെ, പൗരത്വ നിയമത്തിനെതിരെ ഉത്തർ പ്രദേശിൽ നടന്ന പ്രതിഷേധങ്ങളിൽ പല സ്ഥലങ്ങളിലും പ്രിയങ്ക നേരിട്ടെത്തിയിരുന്നു. പ്രതിഷേധങ്ങൾക്കിടെ പോലീസ് ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരുടെ വീടുകളിലും പ്രിയങ്ക എത്തിയിരുന്നു. യു.പി നിയമസഭ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് വൻ പ്രവർത്തനമാണ് പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് നടത്തുന്നത്. കൂടുതൽ സമയവും യു.പിയിൽ തന്നെ ചെലവിട്ട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പ്രിയങ്ക ഏകോപിപ്പിക്കുന്നുണ്ട്.