ന്യൂദല്‍ഹി- ജമ്മുകശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം. ഇന്റര്‍നെറ്റ് സേവനം മൗലിക അവകാശമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിലാണ് വരുന്നത്. അനിശ്ചിതകാലത്തേക്ക് ഇത് തടയാന്‍ സാധിക്കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. നിരോധനാജ്ഞ അടക്കമുള്ള എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ച്ചക്കകം പുനര്‍ അവലോകനം നടത്തണി റിപ്പോര്‍ട്ട് തയ്യാറാക്കാനും സുപ്രിംകോടതി ഉത്തരവിട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ള നിരവധി പേര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം സംസ്ഥാനത്തുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ്,മൊബൈല്‍ സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കേന്ദ്രനടപടി അഞ്ച് മാസം പിന്നിടുമ്പോഴാണ് ഈ വിധി വന്നിരിക്കുന്നത്.
ജസ്റ്റിസുമാരായ എന്‍.വി രമണ,ആര്‍ സുഭാഷ് റെഡ്ഢി, ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്