അസം- ബംഗ്ലാദേശികളാണെന്ന് ആരോപിച്ച് അസമിലെ സോണിത്പൂര്‍ ജില്ലയില്‍ സൂതിയ മേഖലയില്‍ 450 വീടുകള്‍ തകര്‍ക്കുകയും 3000 ത്തോളം പേരെ കുടിയൊഴിപ്പിക്കുകയും ചെയ്തു. ബിജെപി എംഎല്‍എയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് പത്ത് ഗ്രാമങ്ങളില്‍ ബുള്‍ഡോസറുകളും അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരുമായി എത്തി വീടുകള്‍ തകര്‍ത്തത്. 2019 ഡിസംബര്‍ 26ന് 426 മുസ്ലിം കുടുംബങ്ങളെ കുടിയിറക്കിയതായി ജമാഅത്തെ ഇസ്ലാമി ഹിന്ദ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ന്യൂനപക്ഷവിഭാഗങ്ങളിലുള്ളവരാണ് ബിജെപി എംഎല്‍എ പദ്മ ഹസാരികയ്ക്ക് വോട്ട് രേഖപ്പെടുത്താത്തിന് പ്രതികാരനടപടി നേരിടേണ്ടി വന്നതെന്നും വാര്‍ത്താകുറിപ്പ് പറയുന്നു.
ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് അഹ്മദ് പ്രദേശം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. അതേസമയം സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതിനാണ് 426 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചതെന്ന് ജില്ലാകമ്മീഷണര്‍ മന്‍വീന്ദര്‍ പ്രതാപ് അറിയിച്ചു.
കൈയേറ്റം നടത്തിയ ആളുകള്‍ക്ക് മറ്റ് ജില്ലകളിലും വീടുകളുണ്ടെന്നും സര്‍ക്കാര്‍ ഭൂമി കൈയ്യേറിയത് കൃഷിയ്ക്ക് വേണ്ടിയാണെന്നും അദേഹം ആരോപിച്ചു. ഇവിടെ നിന്ന് കുടിയിറക്കപ്പെട്ടത് മുഴുവന്‍ മുസ്ലിങ്ങളാണ്. ഇവര്‍ മൂന്ന് ക്യാമ്പുകളിലാണ് ഇപ്പോഴുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സൂതിയ നിയോജകമണ്ഡലത്തില്‍ തങ്ങള്‍ വോട്ടറായി രജിസ്ട്രര്‍ ചെയ്തിരുന്നില്ലെന്നും തങ്ങളുടേത് സൂതിയക്ക് സമീപത്തെ നിയോജകമണ്ഡലത്തിലാണ് വോട്ടുള്ളതെന്നും ബിജെപി എംഎല്‍എ പദ്മ ഹസാരികക്ക് വേണ്ടി വോട്ട് ചെയ്യാത്തതിനാലുള്ള പ്രതികാര നടപടിയാണ് നടന്നതെന്നും കുടിയിറക്കപ്പെട്ടവര്‍ പറഞ്ഞു.