ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ്,വാര്‍ത്താ വിനിമയ,മൊബൈല്‍ ഫോണ്‍ നിരോധനങ്ങള്‍ക്ക് എതിരെ നല്‍കിയ ഹര്‍ജികള്‍ നാളെ സുപ്രിംകോടതി പരിഗണിക്കും.കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ് നാളെ കോടതി വിധി പറയുക.ജസ്റ്റിസ് എന്‍.വി രമണ,ആര്‍ സുഭാഷ റെഡ്ഢി,ബി ആര്‍ ഗവായി എന്നിവര്‍ അടങ്ങിയ ബെഞ്ച് നവംബര്‍ 27ന് വാദം കേള്‍ക്കുകയും വിധി പറയാനായി മാറ്റിവെക്കുകയുമായിരുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് അടക്കമുള്ള വിവരവിനിമയ സംവിധാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഗുലാം നബി ആസാദിനൊപ്പം അനുരാധ ബസിന്‍ സമര്‍പ്പിച്ച പരാതിയും പരിഗണിക്കുന്നവയുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ നിന്ന് തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നുണ്ട്. പ്രാദേശിക തീവ്രവാദികളും വിഘടനവാദ സംഘടനയും ഈ പ്രദേശത്തെ സാധാരണക്കാരെ ബന്ദികളാക്കിയിട്ടണ്ട്. പൗരന്മാരുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ വാദിച്ചിരുന്നത്.