ന്യൂദൽഹി- ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു പോളീസിതീമിയ എന്ന അപൂർവ രക്തരോഗം ആണെന്നറിഞ്ഞിട്ടും അടിയന്തര ചികിത്സ നൽകാതെ സാധാരണ മരുന്നു നൽകിയ ജയിൽ അധികൃതരെ വിമർശിച്ചു ദൽഹി കോടതി. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ചുവപ്പു രക്താണുക്കൾ ക്രമാതീതമായി വർധിക്കുകയും രക്തംകട്ട പിടിക്കുകയും ചെയ്യുന്ന അസുഖമാണ് പോളിസിതീമിയ. ചന്ദ്രശേഖറിനെ എയിംസിൽ പ്രവേശിച്ചിപ്പ് അടിയന്തരമായി രക്തം മാറ്റുന്ന (തെറാപ്റ്റിക് ഫ്‌ളെബോട്ടമി) നടപടി ചെയ്യണമെന്നും ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് അരുൾ വർമ ഇന്നലെ ഉത്തരവിട്ടു. ചന്ദ്രശേഖറിന് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു.
ചന്ദ്രശേഖർ ആസാദിന്റെ കാര്യം ജയിൽ അധികൃതർ കൈകാര്യം ചെയ്ത വിധം തന്നെ അത്യധികം അസ്വസ്ഥനാക്കിയെന്നും ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. തനിക്ക് പോളിസിതീമിയ ആണെന്ന് ചന്ദ്രശേഖർ തന്നെ വ്യക്തമാക്കിയിട്ടും ചികിത്സ നൽകാനുള്ള നടപടികൽ ജയിൽ അധികൃതർ സ്വീകരിച്ചില്ലെന്നും ജഡ്ജി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയിൽ അധികൃതർ നൽകിയ മരുന്നുകളൊന്നും തന്നെ പോളിസിതിമീയക്ക് വേണ്ടിയുള്ളതായിരുന്നില്ലെന്നും അദ്ദേഹം വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒരാൾ ജയിലിന് അകത്തായാലും പുറത്തായാലും അയാളുടെ ജീവൻ രക്ഷിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. തടവുകാർക്ക് ചികിത്സ ലഭ്യമാക്കുക എന്നത് ജയിൽ അധികൃതർ നിർബന്ധമായും ചെയ്യേണ്ട കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
തിഹാർ ജയിൽ മെഡിക്കൽ സൂപ്രണ്ട് നൽകിയ മെഡിക്കൽ റിപ്പോർട്ടിൽ ചന്ദ്രശേഖർ ആസാദിന്റെ ആരോഗ്യാവസ്ഥ സാധാരണ നിലയിലാണെന്നാണു പറയുന്നത്. എന്നാൽ, പുറംവേദന, ശരീര വേദന, പല്ലു വേദന, കണ്ണിന്റെ അസ്വസ്ഥത തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയിരുന്നു എന്നും പറയുന്നു. എന്നാൽ, ഇതെല്ലാം തന്നെ പോളീസിമീതിയയുടെ ലക്ഷണങ്ങളാണെന്നാണ് ചന്ദ്രശേഖറിന്റെ അഭിഭാഷകൻ മഹമൂദ് പ്രാച വാദിച്ചത്. ആസാദിന് പോളിസിമീതിയ തന്നെയാണെന്നു വ്യക്തമാക്കുന്ന എയിംസിലെ ഹെമറ്റോളജി വിഭാഗത്തിലെ രണ്ടു വിദഗ്ധ ഡോക്ടർമാരുടെ റിപ്പോർട്ടും ഇന്നലെ കോടതിയിൽ ഹാജരാക്കി.
എന്നാൽ, ആസാദിന് ഇത്തരത്തിൽ ഒരു അസുഖമുള്ള വിവരം ബുധനാഴ്ച വരെ തനിക്ക് അറിവില്ലായിരുന്നു എന്നാണ് തീഹാറിലെ ഡോക്ടർ പറഞ്ഞത്. ആസാദിനെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു എന്നും ഡോക്ടർ പറഞ്ഞു. എന്നാൽ, ആസാദിന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി. എയിംസിൽ ചികിത്സിക്കണം എന്നതിന് ജയിൽ അധികൃതർ എതിർത്തിരുന്നു. ഇതിൽ അസംതൃപ്തി പ്രകടിപ്പിച്ച കോടതി ജയിൽ അധികൃതരുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് ചികിത്സ എയിംസിൽ തന്നെ തുടരണമെന്ന് ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് നിർദേശിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദൽഹി ജുമ മസ്ജിദിൽ നടന്ന പ്രതിഷേധത്തിനിടെ ഒരു പകലും രാത്രിയും ദൽഹി പോലീസിനെ വട്ടം കറക്കിയ ശേഷമാണ് ചന്ദ്രശേഖർ ആസാദ് പിടികൊടുത്തത്. ഡിസംബർ 21നാണ് കോടതി ചന്ദ്രശേഖറെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.