ന്യൂദല്‍ഹി- അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി മൂന്ന് വിഭാഗങ്ങള്‍ക്കായി വീതം വച്ച അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിനു രൂപം നല്‍കി. ജസ്റ്റിസ് ദീപ മിശ്രയുടെ നേതൃത്വത്തിലുള്ള ഈ ബെഞ്ച് കേസില്‍ വെള്ളിയാഴ്ച മുതല്‍ വാദം കേള്‍ക്കും. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ട ഈ ബെഞ്ചാണ് ബാബരി മസ്ജിദ് നിലനിന്ന ഭൂമിയെ ചൊല്ലിയുള്ള ഉടമസ്ഥതാ തര്‍ക്കത്തിന് തീര്‍പ്പു കല്‍പ്പിക്കുക.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് തര്‍ക്കത്തിലായ 2.77 ഏക്കര്‍ ഭൂമി മൂന്ന് വിഭാഗങ്ങള്‍ക്കായി വീതം വച്ചുകൊണ്ടുള്ള 2010-ലെ വിധി അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിന്റേതായിരുന്നു. സുന്നീ വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, റാം ലല്ല എന്നിവര്‍ക്ക് ഈ ഭൂമി തുല്യമായി വീതിച്ചു കൊടുക്കണണമെന്ന ഈ വിധിയെ ചോദ്യം ചെയ്താണ് വിവിധ കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഈ ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി ഈയിടെ കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരായ മുഖ്യ ഹരജികള്‍ ഏഴു വര്‍ഷമായി കെട്ടിക്കിടക്കുകയാണെന്നും സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് വാദം കേള്‍ക്കല്‍ നേരത്തെയാക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനത്തിലെത്തുമെന്ന് ചീഫ് ജസ്റ്റിസ് ജെ. എസ് ഖെഹാര്‍ ജൂലൈ 21 വ്യക്തമാക്കി.