തിരുവനന്തപുരം- കളിയിക്കാവിളയിൽ തമിഴ്‌നാട് പോലീസിലെ എ.എസ്.ഐയെ വെടിവെച്ചുകൊന്ന കേസിൽ സംശയിക്കുന്ന പ്രതികളെ പറ്റി വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരള പോലീസ്. തമിഴ്‌നാട് നാഗർകോവിൽ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നവർ. രണ്ടുപേർക്കും 25 നും 30 നും ഇടയ്ക്കാണ് പ്രായം. അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്. ഇവരെ പിടികൂടാൻ സഹായകമായ വിവരങ്ങൾ നൽകുന്നവർക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുകയില്ലെന്നും അറിയിച്ചിട്ടുണ്ട്. ഫോൺ നമ്പർ 0471 2722500, 9497900999