കൊൽക്കത്ത- പൗരത്വഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽനിന്ന് തൃണമൂൽ കോൺഗ്രസ് പിൻമാറി. ബംഗാളിൽ ഇടതുപക്ഷവും കോൺഗ്രസും സ്വീകരിക്കുന്ന നയങ്ങളിൽ പ്രതിഷേധിച്ചാണ് പിൻമാറ്റം. ബംഗാളിൽ കോൺഗ്രസും സി.പി.എമ്മും വൃത്തികെട്ട രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും താനും പാർട്ടിയും പൗരത്വനിയമത്തിനും എൻ.ആർ.സിക്കുമെതിരെ പൊരുതുമെന്നും ബംഗാളിൽ ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി. ഈ മാസം 13നാണ് സോണിയ ഗാന്ധി പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചത്. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം എന്ന ആശയം വികസിപ്പിച്ച ഞാൻ തന്നെ യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നതിൽ സങ്കടമുണ്ടെന്നും മമത വ്യക്തമാക്കി. സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്കിനിടെ ബംഗാളിൽ നടന്ന അക്രമണങ്ങളാണ് മമതയെ പ്രകോപിപ്പിച്ചത്. ബസുകളും മറ്റ് സർക്കാർ വാഹനങ്ങളും സമരക്കാർ എറിഞ്ഞുതകർത്തിരുന്നു. പൗരത്വനിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്ന സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ആവശ്യവും മമത തളളിയിരുന്നു. ഈ നിയമത്തിനെതിരെ എങ്ങിനെ പോരാടണമെന്ന് തനിക്കറിയാമെന്നായിരുന്നു മമതയുടെ പ്രതികരണം.